
# നാല് ലക്ഷത്തിന്റെ നഷ്ടം
ചാരുംമൂട്: കൊല്ലം - തേനി ദേശീയപാതയിൽ ചാരുംമൂട് ടൗണിന് വടക്ക് വശത്തെ സ്റ്റേഷനറി
കടയ്ക്ക് തീപിടിച്ചു. ജമീല മൻസിലിൽ നൗഷാദിന്റെ ഉടമസ്ഥതയിലുള്ള നാരങ്ങാവെള്ളം വിൽപ്പനകൊണ്ട് ശ്രദ്ധിക്കപ്പെട്ട കടയാണ് കത്തിനശിച്ചത്. വില്പനയ്ക്കുണ്ടായിരുന്ന സാധനങ്ങളും ഫർണിച്ചറുകളും, ഫ്രിഡ്ജും കത്തിനശിച്ചു. നാല് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം. വഴിയാത്രക്കാരാണ് കടയോട് ചേർന്നുള്ള വീട്ടുകാരെ വിവരം അറിയിച്ചത്. തൊട്ടടുത്ത് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുൾപ്പെടെ ചേർന്ന് തീ ഭാഗികമായി അണച്ചെങ്കിലും കായംകുളം, അടൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷ സേനയാണ് തീ പൂർണ്ണമായും അണച്ചത്. നൂറനാട് പൊലീസും സ്ഥലത്തെത്തിയിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര,ജില്ലാ സെക്രട്ടറി ജി.മണിക്കുട്ടൻ, യൂണിറ്റ് ജനറൽ സെക്രട്ടറി ഗിരീഷ് അമ്മ, വൈസ് പ്രസിഡന്റ് മണിക്കൂട്ടൻ ഇഷോപ്പി തുടങ്ങിയവർ സ്ഥലത്തെത്തി നൗഷാദിന് അടിയന്തര സഹായങ്ങൾ നൽകി.
----------------------
പരിഹാരം അഗ്നിരക്ഷാസേന യൂണിറ്റ് : രാജുഅപ്സര
ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും നിരന്തരമായി ഉണ്ടാകുന്ന തീ പിടുത്തത്തിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. രക്ഷാപ്രവർത്തനം വൈകുന്നതാണ് കാരണം. ചാരുംമൂട്ടിൽ തീപിടുത്തമുണ്ടായാൽ കായംകുളം, മാവേലിക്കര,അടൂർ എന്നിവിടങ്ങളിൽ നിന്നാണ് അഗ്നിരക്ഷാ യൂണിറ്റ് എത്തേണ്ടത്. ഇതുകാരണം അപകടത്തിന്റെ വ്യാപ്തി വർദ്ധിക്കും. ചാരുംമൂട് കേന്ദ്രമായി അഗ്നിരക്ഷാ യൂണിറ്റു സ്ഥാപിക്കുക മാത്രമാണ് പരിഹാരം.