vellappally-natesan

ആലപ്പുഴ: അപ്രസക്തനായ പി.സി.ജോർജിനെ പ്രസക്തനാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സർവമത സമ്മേളന ശതാബ്ദി സന്ദേശ വിളംബരജാഥയ്ക്ക് അമ്പപ്പുഴ യൂണിയൻ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എനിക്ക് മുഖ്യമന്ത്രി ആകണമെന്ന് ആഗ്രഹം തോന്നിയാൽ എന്നോട് സ്നേഹമുള്ളവർ എന്തു ചെയ്യും. ഇയാൾക്ക് തലയ്ക്ക് എന്തോ ആണെന്ന് മനസിലാക്കി ഊളംപാറയിൽ അഡ്മിറ്റ് ചെയ്യണം. അല്ലാതെ അതിനെ പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ എന്നെ നശിപ്പിക്കാനുള്ള ശ്രമമായി​ മാറും . ഓരോരുത്തർക്കും അർഹതപ്പെട്ടത് തിരിച്ചറിയാനുള്ള ബോധം ഉണ്ടാകണം. അത് ഉണ്ടാകാതെ വരുമ്പോഴാണ് അവരെ ചികിത്സക്ക് വിധേയമാക്കേണ്ടത്.

പി.സി.ജോർജ് ബി.ജെ.പിക്ക് ഭാരമാകുമോയെന്ന് കാലം തെളിയിക്കട്ടെ. കോൺഗ്രസിനും സി.പി.എമ്മിനും വേണ്ടാത്തതു കൊണ്ടാണ് പി.സി.ജോർജിന് ബി.ജെ.പിയിൽ ലയിക്കേണ്ടി വന്നത്. തവള വീർക്കും പോലെ വീർത്തിട്ട് കാര്യമില്ല. ഓരോരുത്തരും അർഹതപ്പെട്ടത് തിരിച്ചറിയണം. ഇത്രയും സ്വാധീനമുള്ള ജോർജിനെ പത്തനംതിട്ടയിൽ സീറ്റ് കൊടുത്ത് ശക്തി തെളിയിപ്പിക്കണമായിരുന്നു. എല്ലാവരെയും തെറി പറയുന്ന ജോർജ് ഈഴവ സമുദായത്തെയും ചീത്ത വിളിച്ചപ്പോൾ അതേ നാണയത്തിൽ തിരിച്ചു സമുദായ നേതാക്കൾ മറുപടി പറഞ്ഞതോടെ ആക്ഷേപിക്കാൻ പിന്നീട് വന്നിട്ടില്ല.

ജനാധിപത്യത്തിന് പകരം മതാധിപത്യമാണ് ഇപ്പോൾ നടക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരിലാണ് സീറ്റുകൾ നൽകുന്നത്. എന്നാൽ സ്ഥാനാർത്ഥികളുടെ പേര് നോക്കിയല്ല ചിഹ്നം നോക്കിയാണ് വോട്ട് ചെയ്യുന്നത്. മതനേതാക്കാൾ പറഞ്ഞാൽ വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞു. എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി പട്ടികയിൽ സാമുദായിക സന്തുലനം പാലിച്ചിട്ടുണ്ടോ എന്ന് പഠിച്ചിട്ടില്ല. എൽ.ഡി.എഫ് പോലും ജാതിയും മതവും പരിഗണിച്ചാണ് സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നത്. കോളേജുകളിൽ രാഷ്ട്രീയത്തിന്റെ അതിപ്രസരം ബന്ധപ്പെട്ടവർ നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചു. വയനാട്ടിലേത് ദു:ഖകരമായ സംഭവമാണ്.