
ആലപ്പുഴ : വേനൽ കടുക്കുകയും ജലസ്രോതസുകൾ വറ്റിവരളുകയും ചെയ്തതോടെ പച്ചക്കറിയടക്കമുള്ള കരകൃഷിയിൽ നിന്ന് പിൻമാറി കർഷകർ. അന്തരീക്ഷത്തിലെ ചൂടും ജലക്ഷാമവും ഇത്തവണത്തെ വിളവിനെ പ്രതികൂലമായി ബാധിക്കുമെന്ന് ചേർത്തലയിലെ പച്ചക്കറി കർഷകരായ സുജിത്തും വി.പി.സുനിലും പറയുന്നു.
കരപ്രദേശത്തെ ചൊരിമണലിൽ കഠിനാദ്ധ്വാനം കൊണ്ട് കൃഷി വിജയിപ്പിച്ച കർഷകർക്ക് പ്രതികൂല കാലാവസ്ഥയോട് പരിധിയിൽ കൂടുതൽ പടവെട്ടാനാവില്ല. ചെടികൾക്ക് കരുത്ത് പകരാൻ കോഴിവളമിട്ടാൽ പോലും പ്രതികൂല ഫലമാണ്. വളത്തിന്റെയും, മണ്ണിന്റെയും ചൂട് മൂലം ചെടികൾക്ക് വാട്ടൽ രോഗം ബാധിക്കും.
നിലവിലെ അന്തരീക്ഷത്തിൽ പുതിയ വിത്തോ ചെടിയോ നടാൻ പോലും സാധിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. ഇതോടെ പാടത്ത് കൃഷി ചെയ്യാൻ സാധിക്കുന്ന വെള്ളരി, തണ്ണിമത്തൻ, ചീര തുടങ്ങിയ ഇനങ്ങളിലേക്ക് കൃഷി ചുരുങ്ങി. ഇത്തവണ മഞ്ഞ് കുറഞ്ഞതും വിളകളെ ബാധിച്ചു.
പ്രതീക്ഷ മഴയിൽ
 കനത്ത ചൂടിനിടയിൽ ഒരു ഇടമഴ ലഭിച്ചാൽ ചെടികൾക്ക് ആശ്വാസവും വിളവിന് ഗുണകരവുമാകും
 കീടങ്ങളുടെ ആക്രമണം പെരുകിയിട്ടുണ്ട്. വാഴകളിൽ പിണ്ടിപ്പുഴുവിന്റെ ആക്രമണം കൂടി
 ഓണ വിപണി പ്രതീക്ഷിച്ച് ഏത്തവാഴ കൃഷി ആരംഭിച്ചവരും നിരാശയിലാണ്
 ഉത്പാദനം കുറയുമ്പോൾ ചെലവ് ഇരട്ടിയാവുകയാണ്
 പലപ്പോഴും പമ്പ് പ്രവർത്തിപ്പിച്ചാണ് വെള്ളം നനയ്ക്കുകയാണ്
 ഇതിന്റെ ഡീസൽ ചെലവ് തുക പോലും തിരിച്ചുകിട്ടുമോയെന്ന് സംശയമാണ്
വിലയിൽ ആശ്വാസം
ആവശ്യത്തിന് ഉത്പാദനം നടക്കാത്തതിനാൽ കിട്ടുന്ന പച്ചക്കറികൾക്കും പഴങ്ങൾക്കും മികച്ച വില ലഭിക്കുമെന്നതാണ് കർഷകർക്കുള്ള ഏക നേട്ടം. മുമ്പ് ചൂട് കൂടുമ്പോൾ മണിക്കൂറുകളോളം കുഴൽക്കിണറിലെ വെള്ളം ഉപയോഗിച്ച് കൃഷിയിടം നനയ്ക്കുമായിരുന്നു. എന്നാലിപ്പോൾ കുഴൽക്കിണറുകളിലും വെളളംവറ്റി.
കരിയില, ജൈവ വസ്തുക്കൾ, വൈക്കോൽ, പുല്ല് എന്നിവ കൊണ്ട് പൊതയിട്ടും, തുള്ളി നന നടത്തിയും പരമാവധി പ്രതിരോധ നടപടികൾ സ്വീകരിക്കണം. പറമ്പിൽ തീ ഇടരുത്
-ഡെപ്യൂട്ടി ഡയറക്ടർ, കൃഷി വകുപ്പ്, ആലപ്പുഴ
ഉണക്ക് കൂടിയതോടെ പുതിയവ നടാൻ പോലും സാധിക്കുന്നില്ല. ഇടമഴ ലഭിച്ചാൽ വലിയ ആശ്വാസമാകും
- സുജിത്ത് ,സ്വാമിനികർത്തിൽ, കർഷകൻ, ചേർത്തല