ambala

അമ്പലപ്പുഴ: മതസൗഹാർദ്ദത്തിന്റെ സന്ദേശം വിളിച്ചോതി അറവുകാട് പൂര മഹോത്സവത്തിന് പറ നിറച്ച് ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ. ദേശദേവതയായ പുന്നപ്ര അറവുകാട് ശ്രീദേവീ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന പറയെടുപ്പിന്റെ പുന്നപ്ര പടിഞ്ഞാറ് കരയിലെ ആദ്യപറയാണ് ശാന്തിഭവൻ അന്തേവാസികൾക്കൊപ്പം അദ്ദേഹം

നിറച്ചത്. ഇന്നലെ രാവിലെയാണ് ശാന്തി ഭവനിൽ ചടങ്ങ് നടന്നത്. വിവിധ മതസ്ഥരായ അന്തേവാസികളും പ്രദേശവാസികളും മാത്യു ആൽബിന്റെ ഭാര്യ മേരിയും ചടങ്ങിന് നേതൃത്വം നൽകി. അറവുകാട് ക്ഷേത്രത്തിലെ ഉത്സവത്തിന് പെമ്പളാമ്മയുടെ ഐതീഹ്യം പേറി ചട്ടയുംമുണ്ടും വഴിപാട് മാത്യു ആൽബിൻ പതിവായി നൽകിയിരുന്നു. പൊങ്കാല മഹോത്സവത്തിന് അദ്ദേഹവും അന്തേവാസികളും ദീപം പകർന്നുനൽകാറുണ്ട്.

ശാന്തിഭവൻ മാനേജർ ഷെമീർ, നഴ്സുമാരായ ജമീല, അമ്പിളി, ബിനോയി, ക്ഷേത്രം കമ്മിറ്റി അംഗങ്ങളായ പൊന്നപ്പൻ, ധർമ്മസുധൻ, രഘുവരൻ, സോമൻ, അംഗ പ്രതിനിധി രാജു, പുന്നപ്ര അപ്പച്ചൻ, കൈനകരി അപ്പച്ചൻ തുടങ്ങിയവർ പങ്കെടുത്തു.

വർഷങ്ങളോളം ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത്,​ ആത്മീയഗുരുവായിരുന്ന ഫാ.ജോർജ് കുറ്റിക്കലിന്റെ മതസൗഹാർദ്ദ സ്മരണ പുതുക്കുന്നതിനാണ് ഭക്തിനിർഭരമായ ഇത്തരം കാര്യങ്ങളിൽ പങ്കാളിയാകുന്നത്

-മാത്യുആൽബിൻ