anilinte-cheerakrishi

മാന്നാർ: നഗരത്തിന്റെ ഹൃദയഭാഗത്ത് കെട്ടിടമുകളിൽ ചീരക്കൃഷിയിൽ വിജയഗാഥ രചിക്കുകയാണ് പരുമല അഖിലാഭവനത്തിൽ അനിൽകുമാർ. കായംകുളം-തിരുവല്ല സംസ്ഥാനപാതയിൽ മാന്നാർ ടൗണിന്റെ നടുവിലെ ബഹുനില കെട്ടിടത്തിന് മുകളിലാണ് അമ്പത്തിയേഴുകാരനായ അനിൽകുമാറിന്റെ ചീരക്കൃഷി.

മാന്നാർ കുരട്ടിശ്ശേരിയിലമ്മ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ലക്ഷ്മി മെറ്റൽസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ അനിൽകുമാർ,​ സ്ഥാപനത്തിന്റെ ടെറസാണ് കൃഷിയിടമാക്കിയത്. കെട്ടിടത്തിന് മുകളിൽ തന്നെ ചീരവിത്തുകൾ പാകി കിളിർപ്പിച്ച് നാല്പതോളം ഗ്രോബാഗുകളിലേക്ക് പറിച്ചുനടുകയായിരുന്നു. കടയിലെ ജോലിത്തിരക്കിനിടയിലെ

ഇടവേളകളാണ് അനിൽകുമാർ ആനന്ദപ്രദമാക്കിയത്. രാവിലെ കട തുറക്കുന്നതിന് മുമ്പ് ടെറസിൽ കയറി ചീരയ്ക്ക് ആവശ്യമായ പരിചരണം നൽകും. ഏറെ പണിപ്പെട്ട് താഴെ നിന്ന് വെള്ളം ബക്കറ്റിൽ മുകളിലെത്തിച്ചായിരുന്നു ജലസേചനം. കടയിൽ തിരക്കില്ലാത്ത സമയത്ത് അനിൽകുമാർ കൃഷിയിടത്തിലുണ്ടാകും.

കടഉടമ സന്തോഷ് കുട്ടപ്പൻ കാര്യമായ പിന്തുണ നൽകുന്നതിനാൽ കൃഷി വ്യാപിപ്പിക്കാനാണ് അനിൽകുമാറിന്റെ ശ്രമം. പയറും, പാവലും കൃഷിചെയ്യാനുള്ള ഒരുക്കങ്ങൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.

ചീരക്കൃഷി വിളവെടുത്ത് സമീപത്തെ സ്ഥാപനങ്ങളിലെ സുഹൃത്തുകൾക്ക് കഴിഞ്ഞ ദിവസം സൗജന്യമായി നൽകിയതോടെയാണ്‌ അനിൽകുമാറിന്റെ ചീരക്കൃഷി പുറം ലോകം അറിഞ്ഞത്.

മൂന്നു പതിറ്റാണ്ടോളം ഡ്രൈവറായും കണ്ടക്ടറായും സ്വകാര്യ ബസിൽ ജോലി ചെയ്തിരുന്ന അനിൽകുമാർ ആറുമാസം മുമ്പാണ് ലക്ഷ്മി മെറ്റൽസിൽ ജോലിക്കെത്തിയത്. അനിൽകുമാറിന്റെ പരുമലയിലെ വീട്ടുവളപ്പിലും പയറും പാവലും പടവലവുമൊക്കെ കൃഷി ചെയ്യുന്നുണ്ട്. ഭാര്യ അനിലകുമാരിയാണ് വീട്ടുവളപ്പിലെ കൃഷിയിടത്തിലെ സഹായി.