ro-plant

ആലപ്പുഴ: നഗരത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോഴും ആർ.ഒ പ്ളാന്റുകൾ പ്രവർത്തന സജ്ജമാകാത്തത് തിരിച്ചടിയാകുന്നു. ജലഅതോറിട്ടിക്ക് എട്ട് ആർ.ഒ പ്ളാന്റുകളാണുള്ളത്. എന്നാൽ,​ ഇതിൽ ഒന്നു പോലും പ്രവർത്തിക്കുന്നില്ല. ശുദ്ധജലപ്രശ്‌നത്തിന് പരിഹാരമെന്നനിലയിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ 21 ആർ.ഒ പ്‌ളാന്റുകൾ സ്ഥാപിച്ചിരുന്നു. പഴയ ആർ.ഒ പ്‌ളാന്റുകൾക്ക് പകരമായി പ്രധാന കേന്ദ്രങ്ങളിലാണ് ഇത് സ്ഥാപിച്ചത്. എന്നാൽ,​ കൃത്യമായ അറ്റകുറ്റപ്പണി നടത്താതെ വന്നതോടെ ഇതിൽ അധികവും

പ്രവർത്തന രഹിതമാണ്. കുടിവെള്ളം പൂർണ്ണമായും സൗജന്യമായിരുന്നു. നഗരസഭയിൽ സർവീസ് ചാർജ്ജായി ലിറ്ററിന് 50 പൈസയാണ് ഈടാക്കിയിരുന്നത്. രണ്ട് വർഷം മുമ്പ് സ്ഥാപിച്ച പ്‌ളാന്റുകളിൽ ഒരു മണിക്കൂറിൽ 1250 ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ കഴിയും.

വാട്ടർഅതോർട്ടിയുടെ എട്ട് ആർ.ഒ പ്‌ളാന്റുകൾ പ്രവർത്തനരഹിതമായതോടെ ദാഹജലത്തിനായി ജനം പരക്കം പായുകയാണ്.പ്‌ളാന്റുകൾ നവീകരിക്കാൻ കൂടുതൽ പണം വേണ്ടിവരുമെന്നതും ഗുണനിലവാരമുള്ള വെള്ളം കിട്ടുമോയെന്ന് സംശയംകൊണ്ടാണ്

തകരാർ പരിഹരിക്കാത്തതെന്നാണ് ജല അതോറിട്ടിയുടെ വിശദീകരണം.

അറ്റകുറ്റപ്പണിക്കും ഫലമില്ല

1. സർക്കാർ ആർ.ഒ പ്‌ളാന്റുകൾ പ്രവർത്തരഹിതമായതോടെ നിരവധി സ്വകാര്യ പ്‌ളാന്റുകൾ രംഗത്തെത്തി. സൗജന്യമായി ലഭിച്ചിരുന്ന വെള്ളം ലിറ്ററിന് രണ്ട് രൂപ വരെ വില നൽകി വാങ്ങേണ്ട ഗതികേടിലാണ്

2.ആർ.ഒ പ്ലാന്റുകളുടെ അറ്റകുറ്റപ്പണിക്ക് കഴിഞ്ഞ പ്‌ളാൻ ഫണ്ടിൽ നിന്ന് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചെങ്കിലും ഫലമുണ്ടായില്ല. നാട്ടുകാരുടെ വൻ പ്രതിഷേധമുണ്ടായിട്ടും അധികൃതർക്ക് അറിഞ്ഞഭാവമില്ല

നഗരത്തിലെ മുഴുവൻ കുടുംബങ്ങൾക്കും സൗജന്യമായി വെള്ളം നൽകാൻ കഴിയുന്ന 21ആർ.ഒ പ്‌ളാന്റുകൾ നഗരസഭയുടെ നിയന്ത്രണത്തിലാണ്. വാട്ടർ അതോറിട്ടിക്ക് നിലവിൽ

പ്‌ളാന്റുകളില്ല

-എക്സിക്യുട്ടീവ് എൻജിനിയർ, വാട്ടർ അതോറിട്ടി

ആർ.ഒ പ്ളാന്റുകൾ

വാട്ടർ അതോറിട്ടി......8

നഗരസഭ.....................21