local

മുഹമ്മ: പാഴ്സൽ സാധനങ്ങളുമായി പോകുകയായിരുന്ന പിക്കപ്പ് വാൻ പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു. പരിക്കേറ്റ ഡ്രൈവറെയും ഒപ്പമുണ്ടായിരുന്നയാളെയും പാതിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ - ചേർത്തല മിനി ഹൈവേയിൽ ഐ.ടി.സി ഭദ്രകാളി ക്ഷേത്രത്തിനു സമീപം രാവിലെ 10.30 ഓടെയായിരുന്നു അപകടം. കലവൂരിലെ സ്വകാര്യ പാഴ്സൽ സർവീസ് സ്ഥാപനത്തിൽ നിന്ന് സാധനങ്ങളുമായി ചേർത്തലയിലേയ്ക്ക് പോകുകയായിരുന്നു പിക്കപ്പ് വാൻ. ഇടറോഡിലൂടെ പെട്ടെന്ന് മിനിഹൈവെയിലേയ്ക്ക് വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കവെ നിയന്ത്രണം വിട്ട വാൻ തൊട്ടടുത്ത ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. പോസ്റ്റ് മൂന്നായി ഒടിയുകയും വാൻ തലകീഴായി മറിയുകയും ചെയ്തു. നാട്ടുകാർ ഡ്രൈവർ വി.പി.പ്രശാന്തിനെയും(അമ്പാടി) കൂടെയുണ്ടായിരുന്ന പ്രണവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്കുകൾ സാരമുള്ളതല്ല. വൈദ്യുത കമ്പി പൊട്ടി വീഴാത്തതും വൈദ്യുത പ്രവാഹം നിലച്ചതും വൻ ദുരന്തം ഒഴിവാക്കി. ആലപ്പുഴയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന പിക്കപ്പ് വാനിനെ ഉയർത്തി മാറ്റിയതോടെ ഗതാഗതം പുനസ്ഥാപിച്ചു.