ഹരിപ്പാട്: വൈദ്യുതി മുടക്കത്തെ തുടർന്ന് രാത്രിയിൽ ഫ്യൂസ് കെട്ടാൻ ചെന്ന കെ.എസ്.ഇ.ബി. ജീവനക്കാരെ മർദിച്ചതായി പരാതി. തിങ്കളാഴ്ച രാത്രി 12ഓടെ ആറാട്ടുപുഴ പള്ളിമുക്കിന് കിഴക്കുള്ള ജെട്ടിഭാഗത്തെ ട്രാൻസ്‌ഫോർമറിൽ, ഫ്യൂസ് കെട്ടാനെത്തിയ ജീവനക്കാരെയാണ് തടഞ്ഞുവെക്കുകയും മർദിക്കുകയും ചെയ്തത്. ആറാട്ടുപുഴ സെക്ഷനിലെ ലൈൻമാൻ ബൈജു, വർക്കർ ആന്റണി, കരാർ ഡ്രൈവർ ശ്രീകുമാർ എന്നിവർക്കാണ് മർദ്ദനമേറ്റത്. അസി.എൻജിനിയർ തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ ചൊവ്വാഴ്ച വൈകിട്ട് ആറാട്ടുപുഴ ജെട്ടി പരിസരത്തേക്ക് മാർച്ച് നടത്തി. അസി.എൻജിനിയയർ ലേഖ, രഘുനാഥ്, മാത്യു വർഗീസ്, ജോൺ ബോസ്‌കോ, പി.സുജിത്ത് കുമാർ, സേതു തുടങ്ങിയവർ സംസാരിച്ചു.