
ആലപ്പുഴ : പാടത്ത് പണിയെടുത്തും ട്യൂഷനെടുത്തും പഠനത്തിന്റെ ചിലവിന് പണം കണ്ടെത്തിയ കൗമാരവും യൗവനവും ഇന്നും ലൈലാബീവിയുടെ മനസിലുണ്ട്. പിൽക്കാലത്ത് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപികയായി മാറിയപ്പോൾ എഴുത്തിന്റെ വഴിയേ തിരിഞ്ഞ ലൈലാബീവിക്ക് കരുത്തായതും സ്വന്തം ജീവിതാനുഭവങ്ങൾ തന്നെ.
2016ൽ കാഞ്ഞങ്ങാട് ജോലി നോക്കുമ്പോഴാണ് ആദ്യനോവലായ "കാർമേഘം മറക്കാത്ത വെയിൽ നാമ്പുകൾ" എഴുതിയത്. പ്രമേയമായത് സ്വന്തം അനുഭവങ്ങൾ. ലൈലാബീവി മങ്കൊമ്പ് എന്ന തൂലിക നാമത്തിലാണ് അറിയപ്പെടുന്നത്.
സമത്വം എന്ന ചെറു സിനിമക്ക് തിരക്കഥ എഴുതി. അന്ത്യയാത്ര, ആത്മഹത്യക്ക് മുമ്പ്, ആലിയ എന്നിവയാണ് ശ്രദ്ധേയമായ മറ്റ് നോവലുകൾ. പാലസ്തീനും ഇസ്രായേലും പ്രമേയമാക്കി പുതിയ നോവലിന്റെ പണിപ്പുരയിലാണിപ്പോൾ. വർദ്ധിച്ചു വരുന്ന ആത്മഹത്യ ഒഴിവാക്കാനുള്ള പ്രമേയമാണ് 'ആത്മഹത്യക്ക് മുമ്പ് ' എന്ന നോവലിൽ. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണ് ഇത്. സാമൂഹ്യ പ്രവർത്തക കൂടിയായ ലൈലാബീവി സ്ത്രീധന നിരോധന നിയമം നടപ്പിലാക്കാനായി 15,000ൽ ഒപ്പുകൾ ശേഖരിച്ച് മുഖ്യമന്ത്രിക്കും ഗവർണർക്കും നിവേദനം നൽകി.
മങ്കൊമ്പ് നൂറുപറച്ചിറ വീട്ടിൽ അസുമാബീവിയുടെ രണ്ടാമത്തെ മകളാണ് ലൈലാബീവി. 18-ാം വയസിൽ പിതാവ് കുടുംബത്തെ ഉപേക്ഷിച്ചു പോയതോടെ കഷ്ടപ്പാടുകളിലേക്ക് വീണത്. ഇതിനിടയിൽ പി.ജിയും ബി.എഡും നേടി. 2003ൽ ചേർത്തല ഉഴുവാ ഗവ. യു.പി സ്കൂളിൽ ഹിന്ദി അദ്ധ്യാപികയായിട്ടായിരുന്നു ആദ്യനിയമനം. 2016ൽ പി.എസ്.സി പരീക്ഷ എഴുതി കാഞ്ഞങ്ങാട് കോടാത്ത് ഹയർസെക്കൻഡറി സ്കൂളിൽ അദ്ധ്യാപികയായി. ഇപ്പോൾ അമ്പലപ്പുഴ കെ.കെ.കുഞ്ചുപിള്ള മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപികയാണ്. കരുവാറ്റ തൂലികയിലാണ് താമസം. ഭർത്താവ് വിദേശമലയാലിയായ അബ്ദുൾ റഹിം. ഏകമകൾ ഫാത്തിമ രിസ്വാന പ്ളസ് ടു വിദ്യാർത്ഥിനിയാണ്.