ആലപ്പുഴ: ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ പ്രചാരണത്തിന് ഇന്ന് തുടക്കമാകും. രാവിലെ 11ന് ആലപ്പുഴയിൽ എത്തുന്ന ശോഭയെ ബി.ജെ.പി, ബി.ഡി.ജെ.എസ്, മഹിളാ മോർച്ച പ്രവർത്തകർ സ്വീകരിക്കും. തുടർന്ന് മുല്ലയ്ക്കൽ ഗണപതി കോവിലിൽ നാളികേരം ഉടയ്ക്കും. ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം തുറന്ന വാഹനത്തിൽ കയറി സീറോ ജംഗ്ഷനിൽ എത്തി ക്വിറ്റ് ഇന്ത്യാ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തും. മണ്ഡലത്തിലെ പ്രധാന വ്യക്തികളെയും മറ്റ് നേതാക്കളെയും നേരിൽ കണ്ടു അനുഗ്രഹം തേടും. ക്ഷേത്രദർശനങ്ങളും നടത്തും. ശോഭയുടെ പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉൾപ്പെട്ട മൂന്ന് തരം ബഹുവർണ്ണ പോസ്റ്ററുകൾ മണ്ഡലത്തിലെ ചുവരുകളിൽ പതിച്ചു തുടങ്ങി. പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ഇന്നലെ നടന്നു.