ദേശീയ തലത്തിലെ പ്രധാന പാർട്ടിയായിരുന്നിട്ടും ശക്തമായ നേതൃത്വത്തിന്റെ പോരായ്മ കോൺഗ്രസിനെ വേട്ടയാടുന്നുണ്ടെന്ന് തുറന്നു പറയുകയാണ് യു.ഡി.എഫ് ഘടകകക്ഷിയായ ജെ.എസ്.എസിന്റെ സംസ്ഥാന പ്രസിഡന്റ് പ്രൊഫ എ.വി.താമരാക്ഷൻ.സംഘടനാവിഷയങ്ങൾ കോൺഗ്രസ് എത്രയും പെട്ടെന്ന് പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
നിലവിലെ സാഹചര്യം എങ്ങനെ ?
ദേശീയ തലത്തിൽ കോൺഗ്രസിന് ശക്തമായ നേതൃത്വം ഇല്ലെന്നത് വസ്തുതയാണ്. എല്ലാ ഘടകകക്ഷികളെയും ഒരുമിച്ച് കൊണ്ടുപോകാൻ,കൃത്യമായ ഉപദേശം നൽകാൻ കഴിയുന്ന ലീഡർഷിപ്പ് ആവശ്യമാണ്. ഇക്കാര്യത്തിൽ ബി.ജെ.പിയുടേത് തന്ത്രപരമായ സമീപനമാണ്. ഓരോ സംസ്ഥാനത്തും റിട്ട.ഐ.എ.എസ് ഉദ്യോഗസ്ഥരെ വരെ വിലയ്ക്കെടുത്താണ് ബി.ജെ.പി ഹോംവർക്ക് നടത്തുന്നത്. നാൽപ്പത് ശതമാനം മാത്രമാണ് രാജ്യത്ത് ബി.ജെ.പി വോട്ടുകൾ. എന്നാൽ കോൺഗ്രസിന്റെ നേതൃത്വ പാപ്പരത്തം മൂലം ബാക്കിയുള്ള അറുപത് ശതമാനം വോട്ട് നഷ്ടപ്പെടുന്ന സ്ഥിതിയാണ് മുൻ തിരഞ്ഞെടുപ്പുകളിലടക്കം കണ്ടത്. കേരളത്തിൽ എൽ.ഡി.എഫ് ഭരണത്തിൽ ജനം പൊറുതി മുട്ടുമ്പോഴും ആഴ്ചകൾക്ക് മുമ്പ് നടന്ന പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് ഫലം പോലും ഇടതിന് അനുകൂലമായിരുന്നു. വോട്ടർമാർ രാഷ്ട്രീയ അന്ധതയിലാണ്.
തിരഞ്ഞെടുപ്പിൽ ചർച്ചയാകുന്നത്?
പാർലമെന്റ് തിരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം ദേശീയരാഷ്ട്രീയം തന്നെയാണ് പ്രധാന വിഷയം. മണ്ഡലത്തിൽ നടത്തിയ വികസനങ്ങളും പോരായ്മകളും വോട്ടർമാർ വിലയിരുത്തണം. ഇടതുമുന്നണിക്ക് ഏകസ്വാധീനമുള്ള കേരളത്തിൽ നിന്നുള്ള പണമാണ് രാജ്യത്തങ്ങോളം നേതാക്കളെ പോറ്റി വളർത്താൻ ഉപയോഗിക്കുന്നത്. ഇതെല്ലാം ജനം തിരിച്ചറിയണം.
കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം വൈകുന്നത് പ്രചാരണത്തെ ബാധിക്കുമോ?
പ്രഖ്യാപനം വൈകി എന്നത് പ്രചാരണത്തെയോ ഫലത്തെയോ ബാധിക്കില്ല. കേരളത്തിൽ കോൺഗ്രസിന് അനുകൂലമായ സാഹചര്യമാണുള്ളത്. മികച്ച നിലയിൽ അത് വിനിയോഗിക്കണം. സംഘടനാവിഷയങ്ങൾ പരിഹരിക്കപ്പെടണം. മുമ്പ് കോൺഗ്രസിന് 80 ശതമാനം മുസ്ലീം വോട്ട് ലഭിച്ചിരുന്നെങ്കിൽ, ഇന്നത് 20 ശതമാനത്തിലേക്ക് ചുരുങ്ങി.
ജെ.എസ്.എസിന്റെ സ്വാധീനം?
പ്രവർത്തനം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എല്ലാ പിന്നാക്ക സമുദായങ്ങളെയും ഒന്നിപ്പിച്ചുള്ള മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്. ജെ.എസ്.എസ് രൂപീകരിച്ച വേളയിൽ ഗൗരിഅമ്മ മുന്നോട്ടുവച്ച പ്രധാന മുദ്രാവാക്യങ്ങളിലൊന്ന് സാമൂഹികനീതി എന്നതായിരുന്നു. എന്നാൽ കൂട്ടുത്തരവാദിത്വമെന്ന പ്രധാന ആശയം നടപ്പാക്കാൻ ഗൗരിഅമ്മയ്ക്ക് കഴിഞ്ഞിരുന്നില്ല. അതിലാണ് പാളിച്ചപറ്റിയത്.