chatha

ആലപ്പുഴ : ടാറിംഗിനായി പൊളിച്ചിട്ട റോഡുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താത്തതിനെത്തുടർന്ന് ജനം ദുരിതത്തിൽ. നഗരത്തിലെ വിവിധ വാർഡുകളിലായാണ് ഇത്തരത്തിൽ റോഡ് പൊളിച്ചിട്ടിരിക്കുന്നത്.

ചില പാതകൾ കോൺക്രീറ്റ് ചെയ്യാൻ തീരുമാനിച്ചിട്ട് നാളുകളേറെയായെങ്കിലും അവയ്ക്കും പുരോഗതിയില്ല. ചാത്തനാട് കോളനി - പട്ടാണിമുക്ക് റോഡിൽ വർഷങ്ങളായി പണി പൂർത്തിയാക്കാത്തതിലും പൊടിശല്യം മൂലം ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടിലും പ്രദേശവാസികൾ കടുത്ത അമർഷത്തിലാണ്. പാലസ് വാർഡിലെ താഴത്തുപറമ്പ് ക്ഷേത്രം റോഡും തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടു. സക്കറിയ ബസാർ വാർഡിലെ യാഫി പള്ളി റോഡ് പുരുദ്ധാരണം കാത്ത് കിടക്കാൻ തുടങ്ങിയിട്ട് പതിനേഴ് വർഷങ്ങൾ കഴിഞ്ഞെന്ന് പ്രദേശവാസികൾ പറയുന്നു.

പൊടി ശല്യം രൂക്ഷം

1.തകർന്നു കിടക്കുന്ന റോഡുകൾക്ക് സമീപത്ത് താമസിക്കുന്നവർ പൊടിശല്യത്തിൽ വലയുകയാണ്.

2.വാഹനങ്ങൾ കടന്നുപോകുമ്പോൾ പൊടിപടലം വീടിനുള്ളിലേക്ക് അടിച്ചുകയറും

3.രോഗികൾ, ഗർഭിണികൾ, നവജാത ശിശുക്കൾ തുടങ്ങിയവർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു

പ്രതിഷേധത്തിലും രാഷ്ട്രീയം

വികസനത്തിലും രാഷ്ട്രീയം കലർന്നതോടെ പരസ്യ പ്രതിഷേധത്തിന് പോലും പലരും രംഗത്ത് വരില്ലെന്ന് നാട്ടുകാർ പറയുന്നു. ഓരോ വാർഡിലും അതത് വാ‌ർഡ് പ്രതിനിധിയുടെ രാഷ്ട്രീയം കൂടി കണക്കിലെടുത്താണ് ജനങ്ങളുടെ പ്രതിഷേധത്തിന്റെ ചൂട് കൂടിയും കുറഞ്ഞുമിരിക്കുന്നത്.

പൊടിശല്യത്തിൽ ജനങ്ങൾ വലയുകയാണ്. ഓട്ടോറിക്ഷക്കാർ പോലും ഇവിടേക്ക് ഓട്ടം വരാറില്ല. എത്രയും വേഗം നന്നാക്കിയില്ലെങ്കിൽ റോഡിലൂടെയുള്ള വാഹനഗതാഗതം പൂർണമായി തടസപ്പെടും

- ബിനോയ്, ചാത്തനാട്