
# മൂർത്തിട്ട-മുക്കാത്താരി റോഡ് നിർമ്മാണോദ്ഘാടനം 12ന്
മാന്നാർ: അപ്പർകുട്ടനാടൻ മേഖലയായ മാന്നാർ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശം പുത്തൻ ഉണർവിലാണ്. നെൽകർഷകരുടെ നെടുനാളത്തെ ആവശ്യമായ മുക്കം-വാലേൽ ബണ്ട് നിർമ്മാണവും പാടശേഖരങ്ങളുടെ പ്രധാന ജലസ്രോതസായ ഇലമ്പനം തോടിന്റെ നവീകരണവും അതിവേഗം പുരോഗമിക്കുകയാണ്. സ്ഥലം എം.എൽ.എയും മന്ത്രിയുമായ സജിചെറിയാൻ ബണ്ട് നിർമ്മാണത്തിന് അഞ്ചും തോട് നവീകരണത്തിന്
രണ്ടു കോടി രൂപയും ബഡ്ജറ്റിൽ വകയിരുത്തിയതാണ് കർഷകരുടെ ദുരവസ്ഥയ്ക്ക് ആശ്വാസമായത്.
പടിഞ്ഞാറൻ മേഖലയിലെ ദുരിതയാത്രയ്ക്ക് ദുഷ്പ്പേരുകേട്ട, മാന്നാർ ഗ്രാമപഞ്ചായത്തിലെ 1,2,3,4 വാർഡുകളിലൂടെ കടന്നുപോകുന്ന മാന്നാർ പാവുക്കര മൂർത്തിട്ട-മുക്കാത്താരി ബണ്ട് റോഡിന്റെ നിർമ്മാണോദ്ഘാടനം 12ന് നടക്കും. നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. എം.എൽ.എ 15 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. 13കോടിക്ക് കരാർ ഏറ്റെടുത്ത് ആറുമീറ്റർ വീതിയിലാണ് നിർമ്മാണം.
സംഘാടകസമിതിയായി
റോഡ് നവീകരണത്തിന് മുന്നോടിയായുള്ള സംഘാടക സമിതി രൂപീകരണ യോഗം മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി ഉദ്ഘടാനം ചെയ്തു. വൈസ് പ്രസിഡന്റ് സെലീന നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്തംഗങ്ങളായ ശാലിനി രഘുനാഥ്, സുനിത എബ്രഹാം,സുജാത മനോഹരൻ, സലിം പടിപ്പുരയ്ക്കൽ, രാഷ്ട്രീയ കക്ഷി നേതാക്കളായ പ്രൊഫ.പി.ഡി ശശിധരൻ, കെ.എം അശോകൻ, രാജു താമരവേലിൽ, സുധീർ എലവൻസ്, തുടങ്ങിയവർ സംസാരിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി ചെയർമാനായും, കെ.എം.അശോകൻ കൺവീനറായും 50 പേർ അടങ്ങുന്ന ജനറൽ കമ്മിറ്റിയും 25 അംഗഎക്സിക്യുട്ടീവ് കമ്മറ്റിയും രൂപീകരിച്ചു.