sa

ആലപ്പുഴ: ഉദരരോഗത്തിന് ജീവിതം വിട്ടുകൊടുക്കാതെ പൊരുതിയ സന്ധ്യാ രാധാകൃഷ്ണൻ (35) ഇന്ന് മാസം ഒരു ലക്ഷത്തിലേറെ വിറ്റുവരവുള്ള സംരംഭക. രണ്ടായിരം വനിതാ സംരംഭകരുടെ ഓൺലൈൻ കൂട്ടായ്മയായ ക്യൂൻസ് ബിസിനസ് ഗ്ളോബലിന്റെ ലീഡർ. രോഗം മെലിയിച്ച ശരീരത്തിന്റെ പേരിൽ നേരിട്ട ബോഡി ഷെയിമിങ്ങിന് മറുപടിയായി 2021ൽ മിസിസ് കേരള സെക്കൻഡ് റണ്ണർ അപ്പ് പദവിയും.

ഏഴ് വർഷം മുമ്പ്, കല്യാണത്തിന് ആറുമാസം ബാക്കി നിൽക്കെയാണ് അൾസറൈറ്റിസ് കൊളൈറ്റിസ് തിരുവനന്തപുരം സ്വദേശി സന്ധ്യയ്ക്ക് ബാധിച്ചത്. ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കണം. ആന്തരിക രക്തസ്രാവമടക്കം പ്രതിസന്ധികളുമുണ്ടാകും. വിവാഹത്തിൽ നിന്ന് പിന്മാറാൻ അഭ്യർത്ഥിച്ചപ്പോൾ, കൊടുങ്ങല്ലൂർ പടിയാട്ട് വീട്ടിൽ സുമൻ ചേർത്തുപിടിച്ചത് ധൈര്യമായി.

ജോലിക്ക് പോകുന്നത് ബുദ്ധിമുട്ടായതോടെ പ്രമുഖ സ്ഥാപനത്തിലെ എച്ച്.ആർ മാനേജർ പദവി രാജിവച്ചു. കൊവിഡ് കാലത്ത് വീട്ടിലിരുന്ന് മൾട്ടി കളർ ത്രെഡ് പെയിന്റിംഗ് ആരംഭിച്ചു. എംബ്രോയിഡറി വർക്കുകൾക്ക് പ്രതീക്ഷിച്ചതിലുപരി സ്വീകാര്യതയാണ് ലഭിച്ചത്. ഒറ്റയ്ക്ക് പൂർത്തീകരിക്കാൻ സാധിക്കാത്ത തരത്തിൽ ഓർഡറായി. തുടർന്നുള്ള ചിന്തയിൽ നിന്നാണ് ക്വീൻസ് ബിസിനസ് ഗ്ലോബൽ കൂട്ടായ്മയുടെ പിറവി. ഒറ്റയ്ക്ക് വളരുമ്പോഴല്ല, ഒപ്പം വളരുമ്പോഴാണ് സമൂഹം വളരുന്നതെന്നാണ് സന്ധ്യയുടെ പോളിസി. തനിക്ക് കിട്ടിയ ഓ‌ർഡറുകളിൽ പലതും സമാന സംരംഭകർക്ക് കൈമാറി. രണ്ടായിരം പേർക്കും പരസ്പരം ഉത്പന്നങ്ങൾ വാങ്ങിയും സഹായിക്കും.

ക്വീൻസ് ബിസിനസ് ഗ്ലോബൽ

രണ്ട് വർഷം മുമ്പാണ് സംരംഭക കൂട്ടായ്മയ്ക്ക് വാട്സാപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. രണ്ട് മണിക്കൂറിനുള്ളിൽ നൂറിലധികം സംരംഭകർ അംഗങ്ങളായി. പലരും ഉത്പന്നങ്ങൾ എങ്ങനെ മാർക്കറ്റ് ചെയ്യണമെന്നറിയാതെ വിഷമിക്കുന്നവർ. കൂട്ടായ്മയിൽ നിന്ന് ഏറ്റവും വിശ്വസ്തരായ ബഹറിനിലുള്ള ബ്ലസിന രാജേഷ്, ദുബായിലുള്ള രേണു ഷേണായി, കർണാടകയിലുള്ള ശിൽപ്പ, ആലപ്പുഴക്കാരി വിദ്യ മോഹൻ എന്നിവരെ കോ - ഫൗണ്ടർമാരാക്കി ക്വീൻസ് ബിസിനസ് ഗ്ലോബൽ രൂപീകരിച്ചു.

വിപണനം ഓൺലൈനിൽ

സൗജന്യ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് വിപണനം. ഭക്ഷണം, വസ്ത്രങ്ങൾ, കോസ്മറ്റിക്സ്, ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ, അടുക്കള സാമഗ്രികൾ തുടങ്ങി എന്തും കിട്ടുന്ന സൂപ്പർ മാർക്കറ്റാണ് ഇന്ന് ക്യു.ബി.ജി. ഉപഭോക്താക്കൾക്ക് അഭിപ്രായം പരസ്യമായി രേഖപ്പെടുത്താം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്യു.ബി.ജി ഉത്പന്നങ്ങളുടെ പ്രദർശനവും സംഘടിപ്പിക്കുന്നു. ഭർതൃമാതാവ് സതീദേവിയും വലിയ പിന്തുണയാണ്. മകൾ: സായ.