
വെള്ളാപ്പള്ളി നടേശന്റെ ഭരണസാരഥ്യത്തിൽ എസ്.എൻ.ഡി.പി യോഗവും എസ്.എൻ. ട്രസ്റ്റും വലിയ ഭൗതിക പുരോഗതി നേടിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 1996-97-ൽ വെള്ളാപ്പള്ളി നടേശൻ സെക്രട്ടറിയായി ചുമതലയേൽക്കുമ്പോൾ എസ്.എൻ. ട്രസ്റ്റിന്റെ ബഡ്ജറ്റ് 11 കോടി രൂപ മാത്രമായിരുന്നു. 2023- 24ൽ ഇത് 148 കോടിയിലധികമാണ്. എസ്.എൻ.ഡി.പി യോഗത്തിന്റെ ബഡ്ജറ്റ് നാല് കോടിയിൽ നിന്ന് 115 കോടിയായി!
യോഗത്തിന്റെയും ട്രസ്റ്റിന്റെയും കീഴിൽ 42 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അദ്ദേഹം അധികാരമേൽക്കുമ്പോൾ ഉണ്ടായിരുന്നതെങ്കിൽ, ഇപ്പോൾ കേരളത്തിലെ ഏറ്റവും വലിയ ലാ കോളേജ് അടക്കം 88 പുതിയ സ്ഥാപനങ്ങൾ നിലവിൽ വന്നു. കൂടാതെ മൈക്രോഫിനാൻസ് അടക്കമുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കി. ഇങ്ങനെയൊരു സാമ്പത്തികാഭിവൃദ്ധി, സമുദായത്തേയും സമുദായ സംഘടനകളേയും സമൃദ്ധി എന്നു പറയാവുന്ന നിലയിലേക്ക് ഉയർത്തിയെന്നത് ചെറിയ കാര്യമല്ല.
1903-ൽ എസ്.എൻ.ഡി.പി യോഗം സ്ഥാപിക്കുന്ന കാലത്ത് ഈഴവ സമുദായം സാമ്പത്തികമായും സാമൂഹ്യമായും രാഷ്ട്രീയമായും അങ്ങേയറ്റം അടിച്ചമർത്തപ്പെട്ട അവസ്ഥയിലായിരുന്നു. ഈഴവ സമുദായത്തിൽ പുരോഗതിയുടെ നാമ്പുകൾ കാണാൻ തുടങ്ങുന്നതുതന്നെ 19ാം നൂറ്റാണ്ടിന്റെ അവസാനമാണ്. ഈ സാഹചര്യത്തിലാണ് ശ്രീനാരായണ ഗുരുവും ഡോ. പല്പു അടക്കമുള്ള സാമൂഹ്യപരിഷ്‌കർത്താക്കളും സമുദായത്തിന്റെ ഉത്കർഷം കണക്കാക്കി അതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അങ്ങനെയാണ് എസ്.എൻ.ഡി.പി യോഗം പിറവിയെടുക്കുന്നത്.
ആദ്യഘട്ടത്തിൽ ഡോ. പല്പുവും കുമാരനാശാനെപ്പോലുള്ള മഹാമനീഷികളും നേതൃത്വം നൽകി. സമുദായത്തിന് പ്രജാ അസംബ്ലിയിൽ അടക്കം പ്രാതിനിദ്ധ്യമുണ്ടായി. പിന്നീട് ടി.കെ. മാധവനെയും സി. കേശവനെയും പോലുള്ള വലിയ പ്രക്ഷോഭകർ രംഗത്തു വന്നു. സി.കേശവൻ നേതൃത്വം നൽകിയ നിവർത്തന പ്രക്ഷോഭം വഴി ഈഴവർക്ക് നിയമസഭയിലടക്കം പ്രാതിനിദ്ധ്യം വർദ്ധിച്ചു. ആർ. ശങ്കർ സമുദായത്തിന്റെ നേതൃത്വം ഏറ്റെടുത്തത് നിർണായകഘടകമായി. തിരുവിതാംകൂർ രാജകുടുംബവുമായും ദിവാനുമായും അതുവരെ ഉണ്ടായിരുന്ന സംഘർഷത്തിന്റെ പാതയിൽ നിന്ന് ആ ഘട്ടത്തിൽ സമുദായം പിന്മാറി. സമരം ചെയ്യേണ്ടവർക്ക് സമരം ചെയ്യാമെങ്കിലും സമുദായനേതൃത്വം ഇത്തരമൊരു സമരം ചെയ്യേണ്ടതില്ലെന്ന് തീരുമാനമുണ്ടായി. 'കേരള കൗമുദി'യും ആ നിലപാടുതന്നെ സ്വീകരിച്ചു.
കൊല്ലം എസ്.എൻ. കോളേജ് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാൻ യോഗത്തിന്റെ ഈ നിലപാട് വഴിയൊരുക്കി. കൊല്ലം എസ്.എൻ. കോളേജിന് ദിവാൻ സ്ഥലം അനുവദിച്ചു നൽകി. പിന്നീട് എസ്.എൻ. ട്രസ്റ്റ് രൂപീകരിക്കാൻ ആർ. ശങ്കർ മുൻകൈയെടുത്തു. എന്നാൽ ആർ. ശങ്കറിന് ഒരു പരിധിക്കപ്പുറം മുന്നോട്ടു പോകാനായില്ല. ഈഴവ സമുദായത്തിന്റെ ഒരു പ്രധാന പരാധീനത, അല്ലെങ്കിൽ സവിശേഷത ഐക്യമില്ലായ്മയാണ്. സ്ഥാനത്തിരിക്കുന്ന ആളുകളെ കാലിൽ പിടിച്ച് താഴെയിറക്കാനുള്ള ഒരു ത്വര എപ്പോഴും കാണാം! ശ്രീനാരായണഗുരു തന്നെ പറഞ്ഞിട്ടുണ്ട്- ''സമുദായം കടൽത്തീരത്തെ മണൽ പോലെയാണ്, എല്ലാം ഒരുമിച്ചു കിടക്കുമെങ്കിലും ഒന്ന് ഒന്നിനാേടു ചേരില്ല!''
പ്രഗത്ഭനായ നേതാവായിരുന്നെങ്കിലും ആർ. ശങ്കറിന് രണ്ടുതരത്തിലുള്ള പോരായ്മയുണ്ടായിരുന്നു. സമുദായം അദ്ദേഹത്തെ കോൺഗ്രസ് നേതാവായി കണ്ടു. കോൺഗ്രസുകാർ ആർ. ശങ്കറിനെ സമുദായ നേതാവായും കണ്ടു. രണ്ടിടത്തും ആർ. ശങ്കറിന് തിരിച്ചടിയുണ്ടായി. എസ്.എൻ. ട്രസ്റ്റിൽത്തന്നെ അദ്ദേഹത്തിനെതിരെ വലിയ പടയൊരുക്കം നടന്നു. കോടതിയിൽ കേസുകൾ നടന്നു. ഈ അവസരത്തിൽത്തന്നെ രാഷ്ട്രീയ രംഗത്തും പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. സമ്മർദ്ദം സഹിക്കവയ്യാതെയാണ് ഹൃദയസ്തംഭനം മൂലം ശങ്കറിന്റെ അകാലമരണം.
എസ്.എൻ.ഡി.പി യോഗചരിത്രം ഇങ്ങനെയുള്ള നിരന്തര സംഘട്ടനങ്ങളുടെയും സംഘർഷങ്ങളുടെയും ആകെത്തുകയാണ്. എൻ. ശ്രീനിവാസനും പ്രൊഫ. പി.എസ്. വേലായുധനും നേതൃത്വത്തിൽ വന്ന കാലത്താണ് യോഗം തിരിച്ചുവരവിന്റെ പാതയിലെത്തുന്നത്. പിന്നീടാണ് കോൺഗ്രസ് നേതാവും ട്രേഡ് യൂണിയൻ രംഗത്തെ പ്രഗത്ഭനും മന്ത്റിയുമൊക്കെയായിരുന്ന എം.കെ. രാഘവൻ നേതൃത്വത്തിലേക്ക് വരുന്നത്. ആർ. ശങ്കറിനെ കാലുവാരിയ അതേ ശക്തികൾ വീണ്ടും കേസും വഴക്കും പുകിലും പുക്കാറുമായി രംഗത്തെത്തി. എം.കെ. രാഘവന് അധികകാലം യോഗനേതൃത്വത്തിലോ, ട്രസ്റ്റിന്റെ നേതൃത്വത്തിലോ ഇരിക്കാൻ പറ്റിയില്ല.
യോഗനേതൃത്വത്തിലേക്ക് സാധാരണക്കാരന്റെ പ്രതിനിധിയായി വരുന്ന ആദ്യത്തെയാൾ വെള്ളാപ്പള്ളി നടേശനാണ്. ശിവഗിരിയിൽ പൊലീസ് കയറിയ വിഷയത്തിൽ സമുദായം വളരെ അസ്വസ്ഥമായിരിക്കുന്ന സമയത്താണ് സ്വാമി ശാശ്വതീകാനന്ദയുടെ ശക്തമായ പിന്തുണയോടെ വെള്ളാപ്പള്ളി നടേശൻ യോഗനേതൃത്വത്തിലേക്കു വരുന്നത്. വെള്ളാപ്പള്ളി നടേശന്റെ കൂടെ നിന്നവരും എതിർത്തു നിന്നവരും പലതരത്തിലുള്ള എതിർപ്പുകളും അപവാദ പ്രചരണങ്ങളും നിയമയുദ്ധങ്ങളും നടത്തി. എതിരാളികൾ ഇടയ്ക്കിടെ മാറിക്കൊണ്ടിരുന്നു. പക്ഷേ എതിർപ്പുകൾ നിലനിന്നു. വിമർശകരൊക്കെ വലിയ ആളുകളായിരുന്നു. ഒരു കാലത്ത് പ്രൊഫ. സുകുമാർ അഴീക്കോട് വെള്ളാപ്പള്ളി നടേശനെപ്പറ്റി പറയാത്ത അപഖ്യാതികളുണ്ടായിരുന്നില്ല.
കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശനെ തോൽപ്പിക്കാൻ തമ്പടിച്ചുനിന്ന് പ്രസംഗിച്ചിട്ടുണ്ട് അഴീക്കോട്. പക്ഷേ തറപറ്റിയത് വെള്ളാപ്പള്ളി നടേശന്റെ എതിരാളികളാണെന്നു മാത്രം. ആറു പതിറ്റാണ്ട് തുടർച്ചയായി കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് തുടരുകയാണ് അദ്ദേഹം. ഇതൊരു ചരിത്രനിയോഗമാണ്. കൊടിയ എതിർപ്പുകൾ വകവയ്ക്കാതെയാണ് കണിച്ചുകുളങ്ങരയിൽ വേലപടയണി എന്ന ദുരാചാരം നിറുത്തലാക്കിയത്. കോപാകുലരായ ശത്രുക്കൾ ഒരിക്കൽ അദ്ദേഹത്തെ ബോംബെറിഞ്ഞും, മറ്റൊരിക്കൽ വാൾ കൊണ്ട് വെട്ടിയും ഇല്ലാതാക്കാൻ ശ്രമിച്ചുവെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. പൂർവാധികം ശക്തനായി വെള്ളാപ്പള്ളി നടേശൻ ആ സ്ഥാനത്ത് തുടരുന്നു.
എത്ര എതിർപ്പ് വന്നാലും വെള്ളാപ്പള്ളി നടേശന്റെ ബലം കൂടുകയല്ലാതെ കുറയുകയില്ല. ബാലിക്ക് കിട്ടിയതുപോലെ ഒരു വരം വെള്ളാപ്പള്ളി നടേശന് കിട്ടിയിട്ടുണ്ട്. എതിർക്കുന്നവരുടെ ശക്തി കൂടി അദ്ദേഹത്തിനു കിട്ടും! ഒരു കാരണവുമില്ലാതെ ഉണ്ടായ എതിർപ്പുകളിലും അപവാദ പ്രചരണങ്ങളിലും മനംമടുത്ത് യോഗനേതൃത്വം ഒഴിഞ്ഞ ശേഷം കുമാരനാശാൻ 'ഗ്രാമവൃക്ഷത്തിലെ കുയിൽ'' എന്നകാവ്യം തന്നെ രചിച്ചു. എതിരാളികളുടെ ദുഷ്പ്രചരണത്തിന്റെയും വിധ്വംസക പ്രവൃത്തികളുടേയും ശക്തിനോക്കിയാൽ വെള്ളാപ്പള്ളി നടേശൻ ഒരു മഹാകാവ്യം തന്നെ എഴുതേണ്ടതാണ്!
കഴിഞ്ഞ കാൽ നൂറ്റാണ്ടിൽ കേരള സമൂഹത്തിൽ പൊതുവേയുണ്ടായ അഭിവൃദ്ധിയിൽ കൂടുതലായി പ്രകടമായ ഒരു പുരോഗതി വെള്ളാപ്പള്ളി നടേശന്റെ ഭരണസാരഥ്യത്തിൽ ഈഴവ സമുദായത്തിനുണ്ടായി. അദ്ദേഹം ശക്തനായ ഒരു നേതാവായത് കൊണ്ടുമാത്രമല്ല ഈ നേട്ടം കൈവരിക്കാനായത്. നേതൃത്വത്തിൽ സ്ഥിരത കൈവന്നതിന്റെ ഗുണം കൂടിയാണ് അത്. ഇതിനു പുറമേ വെള്ളാപ്പള്ളി നടേശന്റെ ചില പ്രത്യേക സവിശേഷതകളും കാണണം. എന്തുസംഭവിച്ചാലും പുല്ലാണെന്ന ചിന്താഗതിയാണ് ഒന്ന്. തിരിച്ചടികളിൽ തളർന്നു പോകാത്ത പ്രകൃതമാണ്
മറ്രൊന്ന്.
സമത്വ മുന്നേറ്റ യാത്രയ്ക്കിടയിൽ ആലുവയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങൾ അക്ഷരംപ്രതി ശരിയായിരുന്നു. വെള്ളാപ്പള്ളി നടേശൻ പറഞ്ഞതിൽ സത്യമില്ലേ എന്ന് ആലോചിക്കുന്നതിനു പകരം ഇടതുപക്ഷക്കാരും വലതുപക്ഷക്കാരും ചേർന്നു വർഗീയത ആരോപിച്ച് അദ്ദേഹത്തെ കല്ലെറിഞ്ഞു. ജയിലിൽ അടയ്ക്കാൻ നോക്കി. വെള്ളാപ്പള്ളി നടേശനെ താഴ്ത്തിക്കെട്ടാൻ സമുദായത്തിന് അകത്തും പുറത്തും നിന്നുള്ളവർ ക്യൂ നിൽക്കുകയാണ്. ഇത് അദ്ദേഹത്തിനുള്ള അംഗീകാരമായി കാണണം. കാര്യമായി എന്തെങ്കിലും ചെയ്തുവെന്നതിന് തെളിവാണ് അത്. ഒന്നും ചെയ്യാത്തവർക്ക് ഒരു ശത്രുതയും നേരിടേണ്ടി വരില്ലല്ലോ.
വെള്ളാപ്പള്ളി നടേശന്റെ ഏറ്റവും വലിയ സമ്പത്ത് അദ്ദേഹത്തിന്റെ ശത്രുക്കളാണ്. ഇത്രയധികം വിരോധികളുണ്ടായിട്ടും എസ്.എൻ.ഡി.പി യോഗത്തിൽ ഒരു ഭിന്നിപ്പുണ്ടാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. വെള്ളാപ്പള്ളി നടേശനെ തകിടം മറിച്ച് യോഗത്തെ നാനാവിധമാക്കാനും വീണ്ടും റിസീവർ ഭരണം കൊണ്ടുവരാനുമുള്ള ശ്രമങ്ങളെല്ലാം പാളി. 1996- നു ശേഷം യോഗം ജനറൽ സെക്രട്ടറി അഭിമുഖീകരിച്ച യഥാർത്ഥ പ്രശ്നങ്ങളും നേരിട്ട രീതിയും കൈവരിച്ച വിജയവും ഭാവിതലമുറ പഠിക്കേണ്ടതു തന്നെയാണ്.