shobha-surendran

ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരിട്ട് ആശയവിനിമയം നടത്താൻ സാധിക്കുന്നയാളെന്ന പ്ലസ് പോയിന്റും വാക്കുപറഞ്ഞാൽ പറ്റിക്കില്ലെന്ന ഉറപ്പും ആലപ്പുഴയിലെ വോട്ടർമാർ തിരിച്ചറിഞ്ഞ് തനിക്ക് വോട്ട് നൽകുമെന്ന് ആലപ്പുഴ മണ്ഡലം ലോക്‌സഭ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ പറഞ്ഞു. ഇന്നലെ മുതലാണ് ശോഭ പ്രചാരണത്തിനു തുടക്കമിട്ടത്. കോൺഗ്രസ് കുടുംബത്തിൽ നിന്നു കൂടുതൽ പ്രമുഖർ ബി.ജെ.പിയിലേക്ക് പ്രവേശിക്കുന്ന ഘട്ടത്തിൽ തന്റെ കാഴ്ച്ചപ്പാടുകളും നയവും വ്യക്തമാക്കുകയാണ് ശോഭ സുരേന്ദ്രൻ.

?എന്തുകൊണ്ട് ജനം വോട്ടുചെയ്യണം

ശോഭ സുരേന്ദ്രനെ ആലപ്പുഴക്കാർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അവർക്ക് വീട്ടിലെ അംഗത്തെ പോലെയാണ് ഞാൻ. ആരു കുറ്റംചെയ്താലും ചോദ്യം ചെയ്യാൻ കഴിയുന്ന സ്ത്രീയാണ് താനെന്ന് വോട്ടർമാർക്കറിയാം. മുമ്പ് ആറ്റിങ്ങലും പാലക്കാടും വോട്ട് വർദ്ധിപ്പിച്ചു. ആലപ്പുഴയിൽ മുൻവർഷം ലഭിച്ച വോട്ട് ഇരട്ടിയായാൽ വിജയം ഉറപ്പാണ്. മോദിക്കുള്ള വോട്ടാണ് ജനങ്ങൾ എനിക്ക് നൽകുക. ആലപ്പുഴയെ വീണ്ടെടുക്കുകയാണ് ദൗത്യം.

?കോൺഗ്രസ് പ്രമുഖരുടെ ബി.ജെ.പി പ്രവേശം

അർഹതയുള്ളവർക്ക് കോൺഗ്രസ് ആനുകൂല്യം നൽകില്ല. ആന്റിണിയുടെ കുടുംബത്തിനു വേണ്ടാത്ത, കെ.കരുണാകരന്റെ കുടുംബത്തിനു ഉപേക്ഷിക്കാൻ തോന്നുന്ന കോൺഗ്രസിന് തിരിച്ചുവരവില്ലെന്ന് ജനം മനസിലാക്കണം.

?ആലപ്പുഴയിൽ അനുകൂല ഘടകം

ഇത്ര നല്ല പ്രധാനമന്ത്രിയെ കിട്ടിയിട്ടും സാദ്ധ്യതകൾ ഉപയോഗപ്പെടുത്താൻ സിറ്റിംഗ് എം.പി എ.എം.ആരിഫിനു സാധിച്ചില്ല. മണ്ഡലത്തിൽ ആരിഫ് പരാജയപ്പെട്ടു. മുഖ്യമന്ത്രിയും സകല ഗ്രാമപഞ്ചായത്തുകളും ഒപ്പമുണ്ടായിട്ടും വികസനം കൊണ്ടുവരാനായില്ല. പ്രധാനമന്ത്രിയുടെ പദ്ധതികൾ പോലും വേണ്ടെന്നുവയ്ക്കുന്ന മനോഭാവമാണുണ്ടായത്. മത്സ്യ, കയർ മേഖലകളിലെ പ്രതിസന്ധികൾക്ക് അയവുണ്ടായില്ല. തീരദേശ ജനതയ്ക്ക് കടലോരം നഷ്ടപ്പെടുന്ന അവസ്ഥയാണ്.

?രാഷ്ട്രീയവും കുടുംബവും ഒരുമിച്ച് കൊണ്ടുപോകുന്നതെങ്ങനെ

രാഷ്ട്രീയമാണ് എന്റെ കുടുംബം. മക്കൾ രണ്ടുപേരും നാട്ടിലില്ല. അവരെത്തുന്ന സമയത്തു മാത്രമാണ് ഒത്തുകൂടൽ. മൂത്ത മകൻ ഹരികൃഷ്ണലാൽ കാലിഫോർണിയയിൽ ശാസ്ത്രജ്ഞനാണ്. ഇളയ മകൻ നാഷണൽ ഫുട്ബാൾ താരമായ യദുകൃഷ്ണ ബി.ബി.എ വിദ്യാർത്ഥിയാണ്. കഴിഞ്ഞ ഏഴുവർഷമായി തൃശൂരിൽ അമ്മ കല്യാണിക്കൊപ്പമാണ് താമസം.