
ഹരിപ്പാട് :കച്ചേരിപ്പടി നടപ്പാതയിൽ അപകടം പതിയിരിക്കുന്നു. റവന്യൂടവറിന്റെ മുൻഭാഗത്ത് നടപ്പാതയുടെ നടുഭാഗത്ത് സ്ലാബുകൾ അശ്രദ്ധമായി അടുക്കി വച്ചിരിക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. നടന്നുപോകുന്നതിനിടയിൽ സ്ലാബിൽ തട്ടി നിരവധി ആളുകളാണ് വീഴുന്നത്. നടപ്പാതയിൽ ചിലയിടത്ത് സ്ലാബുകൾ പൊട്ടി മാറി കുഴികളും രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ എഴിയ്ക്കകത്ത് ജംഗ്ഷൻ മുതൽ റവന്യൂ ടവർ വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരു ഭാഗത്തുമുള്ള വ്യാപാരസ്ഥാപനങ്ങൾക്ക്മുന്നിലുള്ള നടപ്പാതകൾ കയ്യേറി വ്യാപാരികൾ സാധനങ്ങൾ അടുക്കി വച്ചിരിക്കുന്നത് മൂലം കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. കഴിഞ്ഞ ദിവസം ഹരിപ്പാട് പിലാപ്പുഴ ത്രിവേണിയിൽ ആർ.വേലായുധക്കുറുപ്പിന്റെ ഭാര്യ പി.സാവിത്രിയമ്മ (70 )നടപ്പാതയിൽ വീണതാണ് ഒടുവിലത്തെ സംഭവം. റവന്യൂടവറിന്റെ മുൻ ഭാഗത്ത് നടപ്പാതയിൽ അലക്ഷ്യമായി അടുക്കി വച്ചിരിക്കുന്ന സ്ലാബിൽ തട്ടി വീണ് പരിക്കുകളോടെ വീട്ടിൽ ചികിത്സയിലാണ്.
.....
''നടപ്പാതയിൽ പതിയിരിക്കുന്ന അപകടവും നടപ്പാത കൈയ്യേറിയിരിക്കുന്നതും ചൂണ്ടിക്കാട്ടി നിരവധി തവണ അധികാരികൾക്ക് പരാതികൾ നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
നാട്ടുകാർ