kanal

ആലപ്പുഴ : 20വർഷം മുമ്പാരംഭിച്ചിട്ടും പൂർണ ഫലം കാണാതെ ഇന്നും തുടർന്നുകൊണ്ടിരിക്കുന്ന ആലപ്പുഴ - ചേർത്തല (എ - എസ്) കനാൽ നവീകരണ പദ്ധതിയിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നു. 2004ലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ടൂറിസം വകുപ്പിന് എത്രകോടികൾ ചെലവായാലും നാലു മാസം കൊണ്ട് പൊതുജന പങ്കാളിത്തത്തോടെ ആലപ്പുഴയിലെ കനാലുകൾ നവീകരിക്കുമെന്നും നൂറ്റിയിരുപത് ദിവസം കൊണ്ട് കനാലുകൾ ശുചിയാക്കുമെന്നുമായിരുന്നു പ്രഖ്യാപനം. ജില്ലാ സായുധ ക്യാമ്പിന് സമീപമുള്ള റോഡ് കുത്തിപ്പൊളിച്ചാണ് നവീകരണ പദ്ധതിക്ക് തുടക്കം കുറിച്ചത്. അന്ന് രണ്ടാൾ താഴ്ച്ചയിൽ റോഡ് കുത്തിപൊളിച്ച് ലോറികളിൽ കടത്തിയ മണൽ സംബന്ധിച്ച് പിന്നീടൊരു അന്വേഷണമുണ്ടായിട്ടില്ലെന്ന് ജനങ്ങൾ പരാതിപ്പെടുന്നു.

കടൽജലം കയറ്റിയാൽ തീരുന്ന പ്രശ്നം

സീവ്യൂ പാർക്കിന് അടിയിലൂടെ കടലിലേയ്ക്ക് ഒരു തുരങ്കം നിർമ്മിച്ചാൽ മാസങ്ങൾ കൊണ്ട് കടൽ ജലം കയറ്റി കനാലുകൾ വെടിപ്പാക്കാനാകും. നവീകരണ പദ്ധതിക്ക് മാറ്റിവെയ്ക്കുന്ന കോടികളുടെ നാലിലൊന്ന് മതിയാകും പദ്ധതി പൂർത്തിയാക്കാൻ. ഇത്തരം സാധ്യതകൾ സംബന്ധിച്ച് വിവിധ സംഘടനകൾ സർക്കാരിൽ നിവേദനം സമർപ്പിച്ചിരുന്നെങ്കിലും, അധികൃതർ ഗൗനിച്ചില്ല.

വർഷങ്ങൾ കൊണ്ട് കനാൽ നവീകരണത്തിന് മുടക്കിയ കോടികളുടെ രേഖ സർക്കാരിന്റെ പക്കൽ പോലും കാണണമെന്നില്ല. പദ്ധതിയിൽ വന്നിരിക്കുന്ന പാളിച്ചകളെ സംബന്ധിച്ചും പാഴായ കോടികളെ സംബന്ധിച്ചും വിജിലൻസ് അന്വേഷണം ആവശ്യമാണ്

- സലിം പുളിമൂട്ടിൽ, പൊതുപ്രവർത്തകൻ