
മാന്നാർ: ഏറെ നാളുകളായി മാന്നാറിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായ മാന്നാർ വിഷവർശ്ശേരിക്കര ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപത്തുള്ള മിനി ഹൈമാസ്റ്റ് തെളിഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എം.പി സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച ചടങ്ങിൽ ആരോപണ പ്രത്യാരോപണങ്ങളുമായി രണ്ടു ധ്രുവങ്ങളിൽ നിന്നവർ ഒന്നിച്ചപ്പോൾ നാട്ടുകാർക്കും സന്തോഷമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലീന നൗഷാദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശാലിനി രഘുനാഥ്, ഗ്രാമപഞ്ചായത്തംഗങ്ങളായ അജിത് പഴവൂർ, സുജിത് ശ്രീരംഗം, ശാന്തിനി ബാലകൃഷ്ണൻ, കെ.സി പുഷ്പലത, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ തോമസ് ചാക്കോ, അഡ്വ.കെ.വേണുഗോപാൽ, ടി.കെ ഷാജഹാൻ, കെ.ബാലസുന്ദരപണിക്കർ, കല്യാണകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
........
# വഴിതെളിച്ച് കളക്ടർ ഉത്തരവ്
മാന്നാർ ഗ്രാമപഞ്ചായത്ത് പതിനെട്ടാംവാർഡ് മെമ്പർ കോൺഗ്രസിലെ കെ.സി.പുഷ്പലതയുടെ ആവശ്യപ്രകാരം കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് പതിനെട്ടം വാർഡിൽ സ്ഥാപിക്കുവാനുള്ള ഹൈമാസ്റ്റ് ലൈറ്റ്, തൊട്ടടുത്ത നാലാംവാർഡിൽ മെമ്പറായ സി.പി.എമ്മിലെ ശാലിനി രഘുനാഥ് പോലും അറിയാതെ സ്ഥാപിച്ചതോടെയാണ് വിവാദങ്ങളും പ്രതിഷേധങ്ങളും ഉയർന്നത്. മിനി ഹൈമാസ്റ്റ് ലൈറ്റ് നാലാം വാർഡിലെ നിർദ്ദിഷ്ട സ്ഥലത്ത് തന്നെ സ്ഥാപിക്കുവാൻ ഭരണാനുമതി റിവൈസ് ചെയ്തു നടപടിയെടുക്കാൻ ജില്ലാ കളക്ടർ ഉത്തവായതോടെയാണ് മിനി ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കുവാൻ കാരണമായത്.