ആലപ്പുഴ: നഗരത്തിന് മോടി കൂട്ടാനും യാത്രാ സൗകര്യത്തിനുമായി ആധുനിക രൂപകൽപ്പനയിൽ നിർമ്മിച്ച ഇരുമ്പുപാലത്തിന് സമീപമുള്ള നടപ്പാലവും, പള്ളാത്തുരുത്തി, തിരുമല വാർഡ് നിവാസികൾക്ക് യാത്രാ സൗകര്യത്തിനായി ചിറക്കോട് പാലവും ഉദ്ഘാടനത്തലേക്ക്. ഇന്ന് ഉച്ചയ്ക്ക് 2.30ന് ഇരുമ്പ് പാലം നടപ്പാലവും 3ന് ചിറക്കോട് പാലവും എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷനാകും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ മുഖ്യാതിഥിയാകും.
നഗരസഭ അമൃത് പദ്ധതിയിൽ ഇരുമ്പ് പാലത്തിനോട് ചേർന്ന് ആധുനിക രീതിയിലാണ് പുത്തൻ നടപ്പാലം നിർമ്മിച്ചിരിക്കുന്നത്. ഭംഗിയുള്ള മേൽക്കൂര, സെൽഫി പോയിന്റ്, ആധുനിക രൂപകൽപ്പന, സുരക്ഷിത കാൽനടപ്പാത എന്നീ സൗകര്യങ്ങളാണ് നടപ്പാതയിലുള്ളത്. ചിറപ്പിനോട് അനുബന്ധിച്ച് പാലം തുറന്നുകൊടുക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും ഇലക്ട്രിക്കൽ ജോലികൾ നീണ്ടതോടെ ഉദ്ഘാടനം വൈകുകയായിരുന്നു. ചിറക്കോട് പാലം തുറന്നു നൽകുന്നതോടെ കന്നിട്ട ജെട്ടി മുതലുള്ള നാട്ടുകാർക്ക് എളുപ്പത്തിൽ ചുങ്കപ്പാലത്തിലെത്താം. ചിറക്കോട് മസ്ജിദിലേക്കെത്താൻ കുട്ടികൾ ഉൾപ്പെടെ ഉപയോഗിച്ചിരുന്ന തോണിയുടെ ആവശ്യവും ഇതോടെ ഒഴിവാകും.
......
# നഗരസൗന്ദര്യവത്കരണം
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 55 ലക്ഷവും നഗരസഭാ വാർഷിക പദ്ധതിയിലെ 11 ലക്ഷവും ചേർത്ത് 66 ലക്ഷം രൂപയ്ക്കാണ് ഇരുമ്പു നടപ്പാലം യാഥാർത്ഥ്യമാക്കിയത്.
ബഡ്ജറ്റിൽ വകയിരുത്തിയ 25 ലക്ഷം രൂപ ഉപയോഗിച്ചാണ് ചിറക്കോട് പാലം നിർമ്മിച്ചത്.
.......
''ആധുനിക നിർമ്മാണ സങ്കേതകൾ ഉപയോഗപ്പെടുത്തിയാണ് ഇരുമ്പുനടപ്പാലം നിർമ്മിച്ചിരിക്കുന്നത്. ചിറക്കോട് പാലവും തുറന്നു നൽകുന്നതോടെ പ്രദേശവാസികളുടെ യാത്രാ ക്ലേശത്തിന് പരിഹാരമാകും.
കെ.കെ.ജയമ്മ, നഗരസഭാദ്ധ്യക്ഷ