ആലപ്പുഴ: സ്ത്രീശാക്തീകരണം,​സമത്വം,സ്വാതന്ത്ര്യം, സുരക്ഷ തുടങ്ങിയവയെല്ലാം

പ്രസംഗങ്ങളിൽ വാരി വിതറി വീണ്ടുമൊരു വനിതാദിനം കടന്നുപോകുമ്പോൾ, യഥാർത്ഥ സുരക്ഷ ഇന്നും സ്ത്രീകൾക്ക് അന്യമാണ്. ലഹരി വ്യാപാരവും ഉപയോഗവും വർദ്ധിച്ചതോടെ അതിക്രമങ്ങളും വർദ്ധിച്ചു. പൊലീസ് പട്രോളിങ്ങിന്റെ സുരക്ഷ മാത്രമാണ് ആശ്വാസം. എന്നാൽ എപ്പോഴും അത് ലഭിക്കാറുമില്ല.

രാത്രിയിൽ സുരക്ഷിത സ്ഥാനങ്ങളിൽ ഇറക്കാൻ ബാദ്ധ്യസ്ഥരായ കെ.എസ്.ആർ.ടി.സി ജീവനക്കാരിൽ നിന്ന് വനിതായാത്രക്കാർ നേരിടുന്ന ദുരനുഭവം ചെറുതല്ല. ജീവനക്കാരുടെ ധാർഷ്ട്യത്തിന് മുന്നിൽ പേടിച്ച് മിണ്ടാതെ നിന്ന്, അവർ നിർത്തി കൊടുക്കുന്ന സ്റ്റോപ്പിൽ ഇറങ്ങിപ്പോകേണ്ട ഗതികേടിലാണ് അവർ.

കായംകുളം ബസ് സ്റ്റേഷന് സമീപം കോളേജ് വിദ്യാർത്ഥിനിയെ മുടിക്കുത്തിന് പിടിച്ച് ഒരു സംഘം യുവാക്കൾ അപമാനിക്കാൻ ശ്രമിച്ചത് കഴിഞ്ഞ ദിവസം പട്ടാപ്പകലാണ്. പൊലീസിൽ പരാതിപ്പെട്ടാലും ഫലമില്ലെന്ന് ജനങ്ങൾ പറയുന്നു. ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകൾക്ക് നേർക്കുള്ള അതിക്രമങ്ങൾ കായംകുളം ഭാഗത്ത് വർദ്ധിച്ചുവരികയാണ്. ബൈക്കിലെത്തുന്ന യുവാക്കളുടെ സംഘമാണ് അപരിചിതരായ സ്ത്രീകളെ പലപ്പോഴും ശല്യം ചെയ്യുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.

രാത്രിയാത്ര സ്ത്രീകൾക്ക് ദുരിതം

1.രാത്രിയിൽ ആവശ്യത്തിന് ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഇല്ലാത്തതിനാൽ ദൂരെ സ്ഥലങ്ങളിലേക്ക് വൈകി യാത്ര ചെയ്യേണ്ടിവരുന്നവർക്ക് സൂപ്പർ ഫാസ്റ്റാണ് ശരണം.

2.സ്റ്റോപ്പില്ലാത്ത സ്ഥലങ്ങളിൽ രാത്രിയിൽ സ്ത്രീ യാത്രക്കാർ ആവശ്യപ്പെട്ടാൽ സൂപ്പർ ഫാസ്റ്റ് നിർത്തി കൊടുക്കുന്നില്ല

3.മറ്റുള്ളവരുടെ മുന്നിൽ വച്ച് യാത്രക്കാരികളോട് കയർത്തും അപമര്യാദയായും പല ഡ്രൈവർമാരും പെരുമാറുന്നുണ്ട്.

4. രാത്രി 8 മണിക്ക് ശേഷം സ്ത്രീകൾ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിർത്തികൊടുക്കണമെന്ന ഉത്തരവ് ഒരു വർഷം മുമ്പാണ് 10 മണിയാക്കി പരിഷ്ക്കരിച്ചത്.

മുല്ലയ്ക്കൽ അനാശാസ്യ കേന്ദ്രം

നഗരത്തിൽ അനാശാസ്യ പ്രവർത്തകരുടെയും ഗുണ്ടകളുടെയും വിളയാട്ടം സംബന്ധിച്ച് ജില്ലാ പൊലീസിന് ലഭിക്കുന്ന പരാതികളുടെ എണ്ണം വർദ്ധിക്കുന്നതല്ലാതെ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നില്ല. മുമ്പ് കെ.എസ്.ആർ.ടി.സി പരിസരം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സംഘം ഇപ്പോൾ മുല്ലയ്ക്കൽ വാർഡിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. മുല്ലയ്ക്കൽ പൊലീസ് ഔട്ട് പോസ്റ്റ് ജംഗ്ഷൻ മുതൽ പഴവങ്ങാടി പള്ളി വരെയുള്ള പ്രദേശവാസികൾ ജില്ലാ പൊലീസ് മേധാവിക്ക് കഴിഞ്ഞ ദിവസം കൂട്ടായി വീണ്ടും പരാതി നൽകി. വനിതാ ഹോസ്റ്റൽ, സ്കൂളുകൾ, ദേവാലയങ്ങൾ, ബാങ്കുകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവ പ്രവർത്തിക്കുന്ന പ്രദേശമാണ്. ഇവിടെ പോകാനെത്തുന്നവരോടും അനാശാസ്യക്കാരോടെന്ന പോലെയാണ് പലരും പെരുമാറുന്നത്. വൈകിട്ട് 6 മണി കഴിഞ്ഞാൽ വീടിന് പുറത്തിറങ്ങാൻ കഴിയാത്ത തരത്തിൽ ഭീകരാന്തരീക്ഷം നേരിടുകയാണെന്ന് സ്ത്രീകൾ പറയുന്നു.

ഒന്നുകിൽ രാത്രി കെ.എസ്.ആർ.ടി.സി കൂടുതൽ ഫാസ്റ്റ്, ഓർഡിനറി ബസുകൾ സർവീസ് നടത്തണം. അല്ലാത്തപക്ഷം സൂപ്പർ ഫാസ്റ്റ് ബസുകൾ സ്ത്രീ യാത്രക്കാരെ അവരുടെ സ്റ്റോപ്പിൽ ഇറക്കാൻ തയാറാകണം. ഡ്രൈവർക്ക് തോന്നുന്ന സ്ഥലത്ത് ഇറക്കി വിടുന്ന സ്ത്രീകളുടെ സുരക്ഷയ്ക്ക് എന്ത് ഉറപ്പാണുള്ളത്

മിനി, സ്വകാര്യ ബാങ്ക് ജീവനക്കാരി