ph

കായംകുളം: ബി.ജെ.പി ദക്ഷിണമേഖല ഉപാദ്ധ്യക്ഷൻ കായംകുളം കല്ലുംമൂട് ഭാഗ്യഭവനത്തിൽ ഡി.അശ്വനിദേവ് (56) നിര്യാതനായി. റോഡപകടത്തെ തുടർന്ന് ഒരുവർഷത്തിലേറെയായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. 2022 ഓഗസ്റ്റ് 17 ന് രാത്രിയിൽ കർഷക മോർച്ചാസമ്മേളനത്തിൽ പങ്കെടുത്തശേഷം സ്കൂട്ടറിൽ മടങ്ങുമ്പോൾ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അശ്വനി,​ എറണാകുളം ലേക്ക്ഷോറിലും, കൊച്ചി അമൃത മെഡിക്കൽ കോളേജിലുമായി ചികിത്സയിലായിരുന്നു. പരേതരായ ദിവാകരപ്പണിക്കരുടേയും (ഭാഗവതർ) കമലമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ശിവപ്രകാശ് (ഗോവ) ,ശ്രീകല, ഭാഗ്യാമ്മ, പ്രകാശിനി. ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗവും കായംകുളം നഗരസഭ 32 ാം വാർഡ് കൗൺസിലറുമായിരുന്ന അശ്വനിദേവ്,​ കായംകുളം നിയോജക മണ്ഡലം പ്രസിഡന്റ്, സാംസ്കാരിക സെല്ല് സംസ്ഥാന കൺവീനർ, ജില്ലാ ജനറൽ സെക്രട്ടറി, എ.ബി.വി.പി സംസ്ഥാന വൈസ് പ്രസിഡന്റ്, യുവ മോർച്ച ആലപ്പുഴ ജില്ലാജനറൽ സെക്രട്ടറി, എൻ.ഡി.എ ആലപ്പുഴ ജില്ലാ കൺവീനർ, മോദി കൾച്ചറൽ സൊസൈറ്റി സ്ഥാപകൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്ന ശബരിമല തീർത്ഥാടക സംഘത്തെ 34 വർഷമായി നയിച്ച ഗുരുസ്വാമി കൂടിയായിരുന്നു അദ്ദേഹം.