ആലപ്പുഴ: കടുത്തവേനലും രൂക്ഷമായ ജലക്ഷാമവും കാരണം നിർമ്മാണ മേഖല

നിശ്ചലമാകുന്നു. നഗരത്തിലുൾപ്പെടെ പല പ്രദേശങ്ങളിലും നിർമ്മാണജോലികൾ നിർത്തിവച്ചിരിക്കുകയാണ്. ഇത് തൊഴിൽരംഗത്തും കടുത്ത പ്രതിസന്ധിക്ക്

കാരണമായിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങളുടെ സീസണാണ് മാർച്ച്, ഏപ്രിൽ. സാമ്പത്തിക വർഷം അവസാനിക്കും മുമ്പ് പൂർത്തിയാക്കേണ്ട സർക്കാർ വക നിർമ്മാണ പ്രവൃത്തികൾ

ദ്രുതഗതിയിൽ നടക്കുന്ന സമയവുമാണ്. എന്നാൽ, പതിവിലും നേരത്തെ രൂക്ഷമായ വേനലും വരൾച്ചയും സ്ഥിതിഗതികൾ സങ്കീർണമാക്കി.

ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് കൃഷ്ണപുരം മുതൽ അരൂർ വരെ പൊളിച്ചുനീക്കിയ

ആയിരക്കണക്കിന് കടകളുടെയും സ്ഥാപനങ്ങളുടെയും നിർമ്മാണം നടക്കുന്നുണ്ടെങ്കിലും ജലദൗർലഭ്യം കാരണം വേണ്ടത്ര പുരോഗതിയില്ല.

നഗരത്തിൽ മാത്രമല്ല, ചെങ്ങന്നൂർ, മാവേലിക്കര, നൂറനാട്, താമരക്കുളം, വള്ളികുന്നം തുടങ്ങിയ പ്രദേശങ്ങളിൽ സ്വന്തം ജലസ്രോതസില്ലാത്ത സൈറ്റുകളിലെല്ലാം പണി നിലച്ചിട്ട് ആഴ്ചകളായി.

വിലകൊടുത്താലും വെള്ളമില്ല

കുടിവെള്ളം പോലും പണം കൊടുത്ത് വാങ്ങുന്ന ആലപ്പുഴ നഗരത്തിലും പരിസരത്തും നിർമ്മാണത്തിന് ആവശ്യമായ വെള്ളം ടാങ്കറുകളിൽ എത്തിച്ചുകൊടുക്കുന്ന ഏജൻസികളുണ്ടെങ്കിലും ഇവരും ഇത്തവണ കൈവിട്ട ലക്ഷണമാണ്. കുളങ്ങളിലെയും മറ്റ് ജലാശയങ്ങളിലെയും ജലനിരപ്പ് പെട്ടെന്ന് താഴ്ന്നതും വാഹനവാടകയും കൂലിയുമെല്ലാം കൂടി കണക്കാക്കുമ്പോഴുള്ള നഷ്ടവും കാരണമാണ് പലരും പിൻവാങ്ങിയത്. ഇത് കാരണം വിലക്ക് വാങ്ങാൻ പോലും വെള്ളമില്ലാത്ത സ്ഥിതിയാണ്. കുടിവെളളത്തിന്റെ അതേനിരക്ക് നൽകാമെന്ന് കരുതിയാൽ പോലും കിട്ടാക്കനിയായി വെള്ളം മാറിക്കഴിഞ്ഞു.

ജലസ്രോതസുകൾ വറ്റി

1.വീടിന്റെ അടിത്തറ മുതൽ ചുവര് കെട്ടുന്നതിനും വാർപ്പിനും പ്ളാസ്റ്ററിംഗിനുമെല്ലാം വെള്ളം അത്യന്താപേക്ഷിതമാണ്. എം.സാൻഡ് ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കൾ ഉപയോഗിക്കുന്നതിനാൽ പതിവിലും കൂടുതൽ വെള്ളം ആവശ്യമാണ്

2.ദേശീയപാത നിർമ്മാണ കമ്പനികൾ വൻതോതിൽ വെള്ളം ഉപയോഗിക്കുന്നത്

പരമ്പരാഗത ജലസംഭരണികളിലെ വെള്ളത്തിന്റെ അളവ് പെട്ടെന്ന് കുറയാൻ ഇടയാക്കി

3. വീടുകൾ, കടകൾ എന്നിവയുടെ നിർമ്മാണം ദ്രുതഗതിയിൽ നടക്കുന്ന സമയമാണിത്.

എന്നാൽ നിർമ്മാണം സാമഗ്രികളുടെ വിലക്കയറ്റത്തിൽ നടുവൊടിഞ്ഞ ഉടമകൾക്ക് വലിയവിലയ്ക്ക് വെള്ളം വാങ്ങുന്നത് അധികബാദ്ധ്യതയായി

4. വെള്ളക്ഷാമം പരിഹരിക്കാൻ കിഴക്കൻ മേഖലയിൽ കനാലുകൾ ഇടയ്ക്കിടെ തുറന്നുവിടാറുണ്ടെങ്കിലും അതുകൊണ്ട് കൃഷിക്ക് മാത്രമാണ് പ്രയോജനം

കഴിഞ്ഞ മാസം അവസാനം വരെ എന്നും പണിയുണ്ടായിരുന്നു. കിണറുകളും കുളങ്ങളും വറ്റിയതോടെ നിർമ്മാണ ജോലികൾ നിലച്ചു. കഴിഞ്ഞ ഒരാഴ്ചയിലധികമായി പണിയില്ല

-ശിവദാസൻ, നിർമ്മാണ തൊഴിലാളി

വെള്ളമുള്ള സ്ഥലത്ത് മാത്രമാണ് നിർമ്മാണങ്ങൾ നടക്കുന്നത്. ടാങ്കറിൽ വെള്ള മെത്തിച്ച് കോൺക്രീറ്റ് പോലുള്ള ജോലികൾ ചെയ്യാൻ കഴിയില്ല. നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റത്തിനിടെ വെള്ളത്തിന്റെ വില ഉയർത്തുന്നത് വീട്ടുടമകളെ വിഷമത്തിലാക്കും

- രതീഷ് കുമാർ, കരാറുകാരൻ