
കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുകയും, എൻ.ഡി.എ പ്രചരണത്തിന് തുടക്കം കുറിക്കുകയും ചെയ്ത ഘട്ടത്തിൽ ജില്ലയിൽ ഇടത് മുന്നണി പ്രചരണരംഗത്ത് ബഹുദൂരം മുന്നേറി കഴിഞ്ഞു. റോഡ് ഷോയും, കുടുംബസംഗമങ്ങളുമായി എല്ലാ കോണുകളിലും കാലേകൂട്ടി എത്താൻ സാധിച്ചത് മുന്നണിക്ക് കൂടുതൽ കരുത്ത് പകരുന്നു. ആലപ്പുഴ മണ്ഡലത്തിൽ ഇടത് മുന്നണിക്ക് ഏറ്റവും വെല്ലുവിളി ഉയർത്തുന്ന സ്ഥാനാർത്ഥിയെ കോൺഗ്രസ് തീരുമാനിച്ച ഘട്ടത്തിലും, തങ്ങൾക്ക് ശക്തരായ എതിരാളികളില്ല എന്ന ആത്മവിശ്വാസം പങ്കുവെയ്ക്കുകയാണ് സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ.
? ആലപ്പുഴയിൽഅനുകൂല ഘടകങ്ങൾ
മണ്ഡലത്തിൽ പരിപൂർണവിജയം ഉറപ്പാണ്. എം.പി എന്ന നിലയിൽ കഴിഞ്ഞ അഞ്ച് വർഷം എ.എം.ആരിഫ് മികച്ച പ്രകടനം കാഴ്ച്ച വെച്ചു. കേരളത്തിലെ ഇരുപത് എം.പിമാരിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ചോദിച്ചതും, ചർച്ചയിൽ പങ്കെടുത്തതും ആരിഫാണ്. മൂന്ന് സ്വകാര്യ ബില്ലുകളും അവതരിപ്പിച്ചു. മണ്ഡലത്തിൽ റെയിൽവേ, മെഡിക്കൽ കോളേജ് വികസനമുൾപ്പടെ അദ്ദേഹം കൊണ്ടുവന്ന പദ്ധതികൾ ജനം വിലയിരുത്തും. ഇടതുപക്ഷ സ്ഥാനാർത്ഥികൾ വിജയിക്കണമെന്ന ചിന്ത പൊതുവിൽ ജനങ്ങൾക്കിടയിലുണ്ട്.
?കെ.സി.വേണുഗോപാലിന്റെ മടങ്ങിവരവ് ഇടതുമുന്നണിക്ക് വെല്ലുവിളിയാകുമോ
ഞങ്ങൾക്ക് മണ്ഡലത്തിൽ ശക്തരായ എതിരാളികളില്ല എന്നതാണ് യാഥാർത്ഥ്യം. കെ.സി.വേണുഗോപലെന്നല്ല ആരു വന്നാലും വിഷയമല്ല. കഴിഞ്ഞ തവണ മത്സരിക്കാൻ അദ്ദേഹത്തെ ഈ വഴിക്ക് കണ്ടില്ലല്ലോ.
?ബി.ജെ.പിയിലേക്കുള്ള കോൺഗ്രസ് നേതാക്കളുടെ പ്രവേശനത്തെ എങ്ങനെ വിലയിരുത്തുന്നു
കോൺഗ്രസിൽ ജനങ്ങൾ വിശ്വസിക്കുന്നില്ല. വോട്ട് നൽകിയാൽ നാളെ അവർ ബി.ജെ.പിയിലേക്ക് പോകില്ലെന്ന് എന്താണ് ഉറപ്പ്. മതേതര വിശ്വാസമുള്ള ഒരു വോട്ടറും കോൺഗ്രസിനൊപ്പം നിൽക്കില്ല. കോൺഗ്രസുകാരുടെ വരവ് കൊണ്ട് ബി,ജെ.പിക്ക് വോട്ട് വർദ്ധിക്കുകയുമില്ല. അവർക്ക് പതിവ് വോട്ടുകൾ മാത്രം ലഭിക്കും.
? പ്രതീക്ഷിക്കുന്ന ഭൂരിപക്ഷം
മുൻ വർഷത്തെക്കാൾ ഭൂരിപക്ഷം വർദ്ധിപ്പിക്കാനാകും. പ്രചരണവേളയിലടക്കം മുന്നേറ്റം പ്രകടമാക്കാൻ സാധിക്കുന്നുണ്ട്. തുടക്കം മുതൽ ഇടത് മുന്നണി മുന്നിലാണ്.
?മാവേലിക്കര തിരിച്ചുപിടിക്കുമോ
സിറ്റിങ്ങ് എം.പിയെ ജനം മടുത്തു. മണ്ഡലത്തിൽ വികസനമില്ല. ഈ വികാരം ചെറുപ്പക്കാരനും, വിദ്യാസമ്പന്നനും, കഴിയുള്ള വ്യക്തിത്വവുമായ അഡ്വ.സി.എ.അരുൺകുമാറിന് ഗുണം ചെയ്യും.