ആലപ്പുഴ: ജില്ലയിലെ സ്വകാര്യ സ്‌കാനിംഗ് സെന്ററുകളിൽ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കും. രജിസ്‌ട്രേഷനില്ലാത്ത ഡോക്ടർമാർ ജോലിചെയ്യുന്നുണ്ടോ, ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം നടത്തുന്നുണ്ടോ തുടങ്ങിയവ പരിശോധിക്കും. ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിന് സമീപത്തെ എം.ഡി.ആർ.സി സ്‌കാനിംഗ് കേന്ദ്രം നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ജില്ലാമെഡിക്കൽ ഓഫീസർ പൂട്ടി സീൽ ചെയ്തിരുന്നു. രജിസ്‌ട്രേഷനില്ലാത്ത ഡോക്ടർ ജോലി ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. ഡോക്ടർ ഒപ്പിടാതെ സ്‌കാനിംഗ് റിപ്പോർട്ട് നൽകിയെന്ന പരാതിയിലായിരുന്നു ഡി.എം.ഒ ഡോ. ജമുന വർഗീസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഗുരുതര നിയമലംഘനം കണ്ടെത്തിയതിനാൽ ആരോഗ്യവകുപ്പ് തിങ്കളാഴ്ച നേരിട്ട് കോടതിക്ക് റിപ്പോർട്ട് കൈമാറും.