
മാന്നാർ: മതസൗഹാർദ്ദത്തിനും മതമൈത്രിക്കും പേരുകേട്ട മാന്നാറിൽ ശിവരാത്രി എതിരേൽപ്പിനെ സ്വീകരിച്ച് പുത്തൻപള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി. മേജർതൃക്കുരട്ടി മഹാദേവക്ഷേത്രത്തിൽ 11ദിവസമായി നടന്നുവന്ന ശിവരാത്രി മഹോത്സവത്തിന് സമാപനം കുറിച്ചുകൊണ്ടുനടന്ന എതിരേൽപ്പ് മഹോത്സവ ഘോഷയാത്രക്കാണ് അവർ സ്വീകരണമൊരുക്കിയത്.
പുത്തൻപള്ളി ജുമാമസ്ജിദ് കവാടത്തിൽ ജമാഅത്ത് കൗൺസിൽ ചെയർമാൻ ഹാജി ഇഖ്ബാൽകുഞ്ഞ്, ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് റഷീദ് പടിപ്പുരയ്ക്കൽ, സെക്രട്ടറി എൻ.ജെ നവാസ്, ജനറൽ സെക്രട്ടറി കരീംകുഞ്ഞ് കടവിൽ, ട്രഷറർ സലാം കുന്നേൽ, റഹിം ചാപ്രായിൽഎന്നിവർ ചേർന്ന് സ്വീകരിച്ചു. ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ ഹരികുമാർ ശിവം, അനിൽനായർ ഉത്രാടം, അനുകുമാർ, അനീഷ് രാമകൃഷണൻ, കലാധരൻ കൈലാസം, രാഹുൽ സദാശിവൻ, ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ എച്ച്. വൈശാഖ് തുടങ്ങിയവരെയാണ് സ്വീകരിച്ചത്. ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഷങ്ങളായി മാന്നാർ തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി എതിരേൽപ്പിന് സ്വീകരണം നൽകി വരുന്നുണ്ട്. ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ നബിദിന റാലിക്കും വർഷംതോറും തൃക്കുരട്ടി പടിഞ്ഞാറെ നടയിൽ സ്വീകരണം നൽകാറുണ്ട്.
നേരത്തെ, കടപ്ര മാന്നാർ ജയന്തപുരം കൈനിക്കര മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച എതിരേൽപ്പ് ഉത്സവം ചെങ്ങന്നൂർ ഡിവൈ.എസ്.പി. രാജേഷ് കെ.എൻ ഉദ്ഘാടനം ചെയ്തു. പുളിക്കീഴ് പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എസ്.സജികുമാർ, മാന്നാർ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ രാജേന്ദ്രൻ.ബി എന്നിവർ സന്നിഹിതരായി.