
മാന്നാർ: ഏറെ വിവാദങ്ങൾക്കിടയായ വിഷവർശ്ശേരിക്കര ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപത്തുള്ള മിനി ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടന വേളയിൽ മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരിയെ ഗ്രാമപഞ്ചായത്തംഗവും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാർ സുജിത് ശ്രീരംഗം ആക്ഷേപിച്ചതായി പരാതി വ്യാഴാഴ്ച രാത്രി 7:30 ന് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ സാന്നിധ്യത്തിലാണ് സംഭവം. ചടങ്ങ് തുടങ്ങുന്നതിന് മുൻപ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.വി രത്നകുമാരിയെ അദ്ധ്യക്ഷയായി വിളിക്കാൻ എം.പി പറഞ്ഞിട്ടു പോലും വകവെക്കാതെ , സുജിത്ത് ശ്രീരംഗം മൈക്ക് തട്ടിപ്പറിച്ച് പതിനെട്ടാം വാർഡ് മെമ്പർ പുഷ്പലതയെ സ്വാഗതം പറയാൻ ക്ഷണിച്ച് കൊണ്ട് മൈക്ക് കൊടുക്കുകയായിരുന്നു. എം.പി ഉദ്ഘാടനം ചെയ്ത് കഴിഞ്ഞ ഉടൻ വീണ്ടും മൈക്ക് തട്ടിയെടുത്ത് ഇനിയാരും സംസാരിക്കാനില്ലെന്നും പരിപാടി കഴിഞ്ഞതായും പ്രഖ്യാപിച്ച് സ്വയം നന്ദിയും പറഞ്ഞ് യോഗം പിരിച്ചുവിട്ട് കൊണ്ട് ജനമധ്യത്തിൽ സുജിത് ശ്രീരംഗം ആക്ഷേപിക്കുകയായിരുന്നുവെന്ന് ടി.വി രത്നകുമാരി പറയുന്നു. സ്ത്രീകളെ അധിക്ഷേപിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ഇനിയും തുടർന്നാൽ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ടി.വി.രത്നകുമാരി ഓർമിപ്പിച്ചു