ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും പിന്തുണക്കില്ലെന്ന് അഖില കേരള ധീവരസഭ ജനറൽസെക്രട്ടറി വി. ദിനകരൻ പറഞ്ഞു. സമുദായത്തെ ദ്രോഹിച്ച എൽ.ഡി.എഫും സഹായിക്കാത്ത യു.ഡി.എഫും ഒഴികെയുള്ള മുന്നണികൾക്ക് വോട്ടുനൽകും. മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ അവസരം തേടിയെങ്കിലും അനുമതി നിഷേധിച്ചു. പലപ്പോഴും പ്രതികാരബുദ്ധിയോടെയുള്ള സമീപനമാണ് സ്വീകരിച്ചത്. കരിമണൽ ഖനനത്തിനെതിരെ സമരം നടത്തിയതിന്റെ പേരിൽ കള്ളക്കേസിൽ കുടുക്കി. കെ. കരുണാകരന്റെയും ഉമ്മൻചാണ്ടിയുടെയും നിലപാടുകളിൽനിന്ന് വ്യത്യസ്ത സമീപനമാണ് കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തിലും സമുദായത്തെ അവഗണിച്ചതായും ദിനകരൻ പറഞ്ഞു.