iron-bridge

ആലപ്പുഴ: നഗരസഭ അമൃത് പദ്ധതി, നഗരസഭ തനതു ഫണ്ട് എന്നിവയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ ഇരുമ്പുപാലം നടപ്പാലം അഡ്വ.എ.എം.ആരിഫ് എം.പി നാടിന് തുറന്നു കൊടുത്തു. എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ മുഖ്യാതിഥിയായി. നഗരസഭ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ആർ.പ്രേം, എ.എസ്.കവിത, എം.ജി.സതീദേവി, നസീർപുന്നക്കൽ, കക്ഷിനേതാക്കളായ സൗമ്യരാജ്, പി.രതീഷ്, സലിംമുല്ലാത്ത്, പൊതു പ്രവർത്തകരായ അജയ് സുധീന്ദ്രൻ, ജോസഫ് ചാവടി, രവികുമാരപിള്ള, മുജീബ്, ജമാൽ പള്ളാത്തുരുത്തി മുനിസിപ്പൽ എ.ഇ.അലിസ്റ്റർ, അമൃത് അർബൻ പ്ലാനർ ജയശ്രീ എന്നിവർ സംസാരിച്ചു.

സെൽഫിപോയിന്റ്,​ ദീപാലങ്കാരം

പഴയ നടപ്പാലം ഉപയോഗ ശൂന്യമായതിനെതുടർന്നാണ് അമൃത് വാർഷിക പദ്ധതിയിൽ 55 ലക്ഷം രൂപയും നഗരസഭ പദ്ധതി വിഹിതമായി 11 ലക്ഷം രൂപയും വകയിരുത്തി സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കിയത്. ഇരുമ്പുപാലത്തിന് സമാന്തരമായിട്ടാണ് പുതിയ പാലം. പാലത്തിന്റെ ഇരുവശങ്ങളും ഹൗസ്ബോട്ട് മാതൃകയിലാണ്. മദ്ധ്യഭാഗത്ത് നഗര ദൃശ്യങ്ങൾ കാണാവുന്ന തരത്തിൽ ദൃശ്യചാരുത പകരുന്ന സെൽഫിപോയിന്റ്, രാത്രിയിൽ വർണ്ണാഭമായ ലൈറ്റിംഗ് സംവിധാനം എന്നിവ ക്രമീകരിച്ചിട്ടുണ്ട്.