1

കുട്ടനാട് : പുളിങ്കുന്ന് പഞ്ചായത്ത് പതിനാലാം വാർഡ് കോന്തിയാട ബോട്ട് ജെട്ടി മുതൽ പൊള്ളയിൽ പാലം വരെയുള്ള നടപ്പാത സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങളായി.

പുളിങ്കുന്ന് പഞ്ചായത്തിന്റെ ആസ്ഥി രജിസ്റ്ററിൽപ്പെട്ട ഈ പൊതുവഴിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും അധികൃതർ ഇതുവരെ തിരിഞ്ഞുനോക്കാൻ പോലും തയ്യാറായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഇതോടെയാണ് പുല്ലും കാടും പടർന്നുകേറി പാത സഞ്ചാരയോഗ്യമല്ലാതായത്. മങ്കൊമ്പ് നിവാസികൾക്ക് ബോട്ട് മാർഗം ആലപ്പുഴയിലോ,​ ചങ്ങനാശ്ശേരിയിലോ,​ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലോ എത്തിച്ചേരാൻ കഴിയാത്ത സ്ഥിതിയാണ്.

മുതിർന്നവർക്ക് പുറമേ കൊച്ചുകുട്ടികൾ ഉൾപ്പടെ നൂറ് കണക്കിന് വിദ്യാർത്ഥികൾക്ക് പുളിങ്കുന്ന് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്ക്കൂൾ, ലിറ്റിൽഫ്ളവർ ഹൈസ്ക്കൂൾ, കെ.ഇ കാർമൽ സ്ക്കൂൾ, തുടങ്ങിയവയിൽ എത്തിച്ചേരാനുള്ള പ്രധാന വഴികൂടിയാണ് ഇത്. കുണ്ടും കുഴിയുമായി കാടുമൂടിയതോടെ കാൽനട പോലും ദുഷ്ക്കരമായിട്ടുണ്ട്. അപകടം പതിവായതോടെ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ നിരവധി പരാതികൾ അധികൃതർക്ക് നൽകിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല.

കാലവർഷം വരെ കാക്കല്ലേ...

കാലവർഷമെത്തിയാൽ വഴി മുഴുവനായി വെള്ളത്തിൽ മുങ്ങുമെന്ന് നാട്ടുകാർ പേടിപ്പെടുന്നു. ഇതോടെ,​ കൊച്ചുകുട്ടികൾ ഉൾപ്പടെ നടന്നുപോകുന്ന വഴിയിൽ അപകടസാദ്ധ്യതയും വർദ്ധിക്കും. അതിനാൽ കാടും പടലും നീക്കി,​ മണ്ണിട്ട് ഉയർത്തി വഴി സഞ്ചാരയോഗ്യമാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.