
ചേർത്തല: യുവതലമുറ ഗുരുവിൽ നിന്ന് അകന്നു പോകുന്നതാണ് സമൂഹം നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ പറഞ്ഞു. ചേർത്തല യൂണിയന്റെ ഇരുന്നൂറാമത് വിവാഹപൂർവ കൗൺസലിംഗ് ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രീതി നടേശൻ. ഇന്നത്തെ തലമുറയ്ക്ക് ഗുരുദേവൻ രചിച്ച ദൈവദശകത്തിന്റെ മഹാത്മ്യം അറിയാതെയും ദൈവഭയം ഇല്ലാതെയും ജീവിക്കുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളിലേക്ക് യുവാക്കൾ എത്തിച്ചേരുന്നത്. നൂറു വർഷങ്ങൾക്ക് മുമ്പ് തന്നെ ഗുരുദേവൻ വിവാഹ പൊരുത്തമല്ല നോക്കേണ്ടത് പകരം വധുവിന്റെയും വരന്റേയും രക്തം പരിശോധിച്ച് ആരോഗ്യ പൊരുത്തമാണ് നോക്കേണ്ടതെന്ന് പറഞ്ഞത് ഇന്നത്തെ കാലത്ത് അർത്ഥവത്തായിരിക്കുന്നു. യുവാക്കൾ ഗുരുവിന്റെ ദർശനം പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്താൽ തീർച്ചയായിട്ടും നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുമെന്ന് പ്രീതി നടേശൻ പറഞ്ഞു.
ചേർത്തല മേഖല ചെയർമാൻ കെ.പി.നടരാജൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പി.ടി.മന്മഥൻ സ്വാഗതം പറഞ്ഞു. അരൂർ മേഖല ചെയർമാൻ വി.പി.തൃദീപ് കുമാർ, കൺവീനർ കെ.എം. മണിലാൽ,പാണാവള്ളി മേഖല കൺവീനർ ബിജു ദാസ്,രാജേഷ് പൊന്മല,ചേർത്തല മേഖല വൈസ് ചെയർമാൻ അഞ്ജലി രവീന്ദ്രൻ, കമ്മിറ്റി അംഗങ്ങളായ അനിൽ ഇന്ദീവരം, ജെ.പി.വിനോദ് എന്നിവർ സംസാരിച്ചു. ആർ.ശങ്കർ പ്രഭാഷണ രത്നം കരസ്ഥമാക്കിയ പി.ടി.മന്മഥനെ ആദരിച്ചു. ചേർത്തല മേഖല വൈസ് ചെയർമാൻ പി.ഡി. ഗഗാറിൻ നന്ദി പറഞ്ഞു.