ആലപ്പുഴ: ഇന്ത്യൻ ജനാധിപത്യത്തിന്റെ ഉത്സവച്ചെലവ് ഇത്തവണ റെക്കാഡ് കടക്കും. അടിസ്ഥാന പ്രചരണഘടകമായ ചുവരെഴുത്ത് മുതൽ വാഹനറാലിക്ക് വരെ പതിവിലും ചെലവ് കൂടാനാണ് സാദ്ധ്യത. പെയിന്റുകൾക്കും പ്രൈമറുകൾക്കുമുണ്ടായ വിലക്കയറ്റമാണ് ചുവരെഴുത്ത് മേഖലയിൽ ബഡ്ജറ്റ് തെറ്റിക്കുന്നത്. ചുവരെഴുത്തിനെക്കാൾ നിരക്കാണ് തുണിപ്രിന്റുകൾക്ക്. ഹരിതപ്രോട്ടോകോൾ നിലവിലുള്ളതിനാൽ ചുവരുകളും പോസ്റ്ററുകളും തന്നെയാണ് പ്രധാന പ്രചരണായുധങ്ങൾ. സാധാരണക്കാർ മുതൽ വമ്പൻ കോർപ്പറേറ്റുകൾ വരെ പിരിവിന് ഇരയാകുന്ന കാലമാണ് തിരഞ്ഞെടുപ്പ്. ചെലവ് കടുക്കുമ്പോൾ മുന്നണികളുടെ പിരിവും കടുക്കുമെന്നത് സ്വാഭാവികം. 95 ലക്ഷം രൂപയാണ് ഒരു ലോക്സഭാമണ്ഡലത്തിൽ സ്ഥാനാർത്ഥിക്ക് നിയമപരമായി ചെലവഴിക്കാവുന്ന തുക. എന്നാൽ,​ നിരീക്ഷകർക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും കണ്ടുപിടിക്കാൻ കഴിയാത്ത തരത്തിൽ പണമൊഴുകും.

കൂടുതൽ സമയം, കൂടുതൽ ചെലവ്

1.പോളിംഗ് ദിവസം വരെ തിരഞ്ഞെടുപ്പ് കളത്തിലെ വൈബ് നിലനിർത്തണം. നേരിയ മങ്ങൽ പോലും വോട്ടിനെ ബാധിച്ചേക്കാം.അതുകൊണ്ട് എത്ര കോടികൾ ഒഴുക്കിയാലും പ്രചരണം കൊഴുപ്പിക്കാൻ മുന്നണികൾ മത്സരിക്കും

2.സ്ഥാനാർത്ഥി പ്രഖ്യാപനം വളരെ നേരത്തെ നടത്തിയ ഇടതുമുന്നണി പ്രചരണരംഗത്ത് രണ്ടാഴ്ചയോടടുക്കുന്നു. രാപ്പകൽ പരിപാടികൾ, സ്വീകരണങ്ങൾ, സമ്മേളനങ്ങൾ. ഇതേ ആവേശം പോളിംഗ് ദിവസം വരെ നിലനിർത്തിയേ മതിയാകു

3.ചുവരെഴുത്ത് മാത്രമേ ഒറ്റത്തവണ ചെലവിൽ നിൽക്കു. ട്രെൻഡ് അനുസരിച്ച് പോസ്റ്ററുകൾ മാറിക്കൊണ്ടിരിക്കണം. വമ്പൻ റാലികളും, കാടിളക്കിയുള്ള ഓൺലൈൻ പ്രചരണങ്ങളും വരും ദിവസങ്ങളിൽ കാണാനിരിക്കുന്നതേയുള്ളു

ഒരുസ്ഥാനാർത്ഥിക്ക്

ചെലവഴിക്കാവുന്ന

തുക: 95 ലക്ഷം

ചുവരെഴുത്ത്

രണ്ട് പേർക്ക് കൂലി : ₹1500 - 2000

ഒരു ലിറ്റർ പെയിന്റിന് : ₹ 700

തിരഞ്ഞെടുപ്പ് ചുവരെഴുത്തിന് മീറ്റർ അടിസ്ഥാനത്തിലാണ് നിരക്ക്. പെയിന്റുകളുടെ വില വലിയ രീതിയിൽ വർദ്ധിച്ചിട്ടുണ്ട്

- ജയദേവൻ, ആർട്ടിസ്റ്റ്