ആലപ്പുഴ : മസ്റ്ററിംഗ് താത്ക്കാലികമായി നിർത്തിവച്ചിട്ടും ഇ - പോസ് സെർവർ തകരാർ കാരണം ജില്ലയിൽ വീണ്ടും റേഷൻവിതരണം മുടങ്ങിയത് വൻ തിരിച്ചടി. രണ്ടാഴ്ച‌ മുമ്പ് മൂന്ന് ദിവസവും തുടർച്ചയായി റേഷൻവിതരണം മുടങ്ങിയിരുന്നു. ഇ- പോസിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിലേയ്ക്ക് ഒ.ടി.പി അയച്ചാണ് പലർക്കും റേഷൻ നൽകിയത്. ജില്ലയിൽ കഴിഞ്ഞ ദിവസം വിതരണം ചെയ്ത റേഷൻ സാധനങ്ങളിൽ 64.5 ശതമാനവും ഒ.ടി.പി വഴിയാണ്. ചില അവസരങ്ങളിൽ ഇതും മുടങ്ങിയതോടെ പൊതുവിതരണം താറുമാറായി. രജിസ്റ്റർ ചെയ്ത ഫോൺ നമ്പറില്ലാതെ കടകളിലെത്തിയവർക്കും നിരാശയോടെ മടങ്ങേണ്ടിവന്നു.

വിതരണമുടക്കം പതിവ്

1.അധിക ജോലിഭാരം കാരണം ഭൂരിഭാഗം റേഷൻ കടക്കാരും രജിസ്റ്റർ സംവിധാനത്തിൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാൻ മുതിരാറില്ല

2. രജിസ്റ്ററിലെ വിതരണവിവരം അളവ് ഉൾപ്പടെ അടുത്ത ദിവസം ഇ- പോസ് യന്ത്രത്തിൽ രേഖപ്പെടുത്തി കടയിലെ സ്റ്റോക്ക് കൃത്യമാക്കണമെന്നാണ് സർക്കാർ നിർദ്ദേശം

3. റേഷൻവിതരണം ഷിഫ്റ്റായിരുന്ന ദിവസങ്ങളിൽ ഇ -പോസ് സംവിധാനം ഉണ്ടായിരുന്നില്ല. അതിനാൽ പ്രശ്നങ്ങളും കുറവായിരുന്നു

ഷിഫ്റ്റ് തുടരണം

റേഷൻ വിതരണം തുടർച്ചയായി മുടങ്ങുന്നത് റേഷൻ വ്യാപാരികളെയും കാർഡ് ഉടമകളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്ന നടപടിയാണ്. അതിനാൽ സർവർ തകരാർ പരിഹരിക്കുന്നത് വരെ ഷിഫ്റ്റ് സമ്പ്രദായം തുടരണമെന്നാണ് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷന്റെ ആവശ്യം. പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിയാത്തത് അങ്ങേയറ്റം പ്രതിക്ഷേധാർഹമാണെന്നും അവർ പറയുന്നു.

സ്ഥിരമായി ഇ- പോസ് തകരാറാകുന്നതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണം. സെർവർ തകരാർകാരണം നിരവധി തവണയാണ് റേഷൻ വിതരണം മുടങ്ങിയത്. സെർവറിന്റെ കപ്പാസിറ്റി വർദ്ധിപ്പിച്ച് പുതിയ ഇ- പോസ് യന്ത്രം കടകളിൽ വിതരണം ചെയ്യണം

-എൻ.ഷിജീർ, സെക്രട്ടറി, സംസ്ഥാന ഓർഗനൈസിംഗ് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോ.

റേഷൻ വിതരണം

(താലൂക്ക്, എണ്ണം, ഒ.ടി.പി, രജിസ്റ്റർ)

അമ്പലപ്പുഴ............4833..........2971........206

ചേർത്തല...............5306.........3405........166

ചെങ്ങന്നൂർ...........1949..........1297........44

കാർത്തികപ്പള്ളി.......3992..........2715........26

കുട്ടനാട്..................2636..........1482........117

മാവേലിക്കര..........3686...........2504........97