
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് ലഭിച്ച അപ്രതീക്ഷിത മുന്നേറ്റം ബി.ജെ.പി കോട്ടയ്ക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. മുമ്പ് കോൺഗ്രസിന്റെ ഭാഗമായിരുന്ന നേതാവ് ഇത്തവണ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി മാവേലിക്കരയിൽ ജനവിധി തേടുന്നു. രാജ്യമാകെ മോദി തരംഗം നിലനിർത്താനുള്ള ജനവികാരം ജില്ലയിലെ രണ്ട് സീറ്റുകളിലും എൻ.ഡി.എയ്ക്ക് വിജയം സമ്മാനിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ബി.ജെ.പി ജില്ലാഘടകം. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ എൻ.ഡി.എയുടെ പ്രതീക്ഷകളും വിലയിരുത്തലും പങ്കുവയ്ക്കുന്നു.
?തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങൾ
നരേന്ദ്രമോദി സർക്കാരിന്റെ ഭരണ നേട്ടങ്ങളാണ് രാജ്യത്താകെയുള്ള വോട്ടർമാർ വിലയിരുത്തുന്നത്. ജനങ്ങൾക്ക് ജീവിക്കാൻ ആവശ്യമുള്ളതെല്ലാം ചെയ്യുന്ന സർക്കാർ. കൊവിഡ് കാലത്ത് പോലും ജനങ്ങളെ പട്ടിണിക്കിടാതെ റേഷൻ വിതരണം ചെയ്ത സർക്കാർ. ഈ സർക്കാരിനെ നിലനിർത്താൻ ജനം എൻ.ഡി.എയ്ക്കൊപ്പം നിൽക്കും. മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന ഭയത്താൻ കോൺഗ്രസും ഇടതുപക്ഷവും കള്ളപ്രചരണങ്ങൾ അഴിച്ചുവിടുകയാണ്.കേരളത്തിലെ ദുഷ്ഭരണത്തിന് അവസാനം കാണാനും ജനം ആഗ്രഹിക്കുന്നു.
? ജില്ലയിലെ പ്രധാന വിഷയങ്ങൾ
കാർഷിക മേഖലയായ ആലപ്പുഴയിൽ കർഷകർക്ക് അർഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ല. അവർക്ക് നിലനിൽപ്പിനുള്ള സഹായം പോലും നൽകുന്നില്ല. തീരദേശ ജനതയും കള്ള വാഗ്ദാനങ്ങൾ കേട്ട് പഴകി. കടലിൽ അപകടങ്ങളിൽപ്പെട്ട് മരണമടഞ്ഞവർക്കുള്ള നഷ്ടപരിഹാരം പോലും സംസ്ഥാന സർക്കാർ വാക്കിലൊതുക്കി. എക്സൽ ഗ്ലാസ് അടക്കമുള്ള വ്യവസായ സ്ഥാനപനങ്ങളുടെ പേരു പറഞ്ഞാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി വോട്ട് നേടിയത്. എന്നാൽ ഇന്ന് ആ സ്ഥാപനത്തിന്റെ അടിത്തറ വരെ തോണ്ടി. കയർ, ചെമ്മീൻ പീലിംഗ്, കശുഅണ്ടി മേഖലകളിലടക്കം വികസനം എത്തിക്കുന്നതിൽ യു.ഡി.എഫും എൽ.ഡി.എഫും പരാജയപ്പെട്ടു.
? സിറ്റിംഗ് എം.പിമാരുടെ വികസനങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകുമോ
ദേശീയപാത 66ന്റെ വികസനം കൊണ്ടുവന്നതിൽ കേരളത്തിലെ ഒരു ഭരണ സംവിധാനത്തിനും പങ്കില്ല. റെയിൽ പാത ഇരട്ടിപ്പിക്കലിന് കേന്ദ്രം പണം അനുവദിച്ചിട്ട് വർഷങ്ങൾ പിന്നിട്ടു. ആലപ്പുഴ - കായംകുളം റെയിൽവേ സ്റ്റേഷനുകളുടെ വികസനമടക്കം കേന്ദ്ര പദ്ധതികളാണ്. ഇവയിൽ എ.എം.ആരിഫിനും കൊടിക്കുന്നിൽ സുരേഷിനും യാതൊരു ക്രെഡിറ്റും അവകാശപ്പെടാനില്ല.
? മറ്റ് പാർട്ടി നേതാക്കളുടെ വരവ് ബി.ജി.പിക്ക് ഗുണം ചെയ്യുമോ
നല്ല നേതാക്കളെല്ലാം കോൺഗ്രസിനോടും ഇടതുപക്ഷത്തോടും വിടപറയുകയാണ്. പ്രാദേശികമായി വിവിധ സ്ഥലങ്ങളിൽ നൂറോളം പേരാണ് ദിവസേന എൻ.ഡി.എയിലേക്ക് എത്തുന്നത്. മാവേലിക്കരയിലെ എൻ.ഡി.എ സ്ഥാനാർത്ഥി പോലും കോൺഗ്രസ്, കെ.പി.എം.എസ് നേതാവായിരുന്നു. സി.പി.എമ്മിൽ നിന്ന് അണികൾ വ്യാപകമായി ബി.ജെ.പിയിലേക്ക് എത്തുന്നുണ്ട്. കുട്ടനാട്ടിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ നാൽപതോളം പേർ ബി.ജി.പിയിലെത്തി. സംസ്ഥാന അദ്ധ്യക്ഷന്റെ പദയാത്ര നടന്ന വേളയിൽ മാവേലിക്കരയിലും കായംകുളത്തും അഞ്ഞൂറിലധികം പേരാണ് മുന്നണിയിലേക്ക് എത്തിയത്.
?കെ.സിയുടെ തിരിച്ചുവരവ് ഭീഷണിയാകുമോ
മതതീവ്രവാദികളുടെ വോട്ടാണ് കോൺഗ്രസിന്റേത്. കെ.സി.വേണുഗോപാൽ പഴയ പ്രതാപമൊന്നും ഇനി മണ്ഡലത്തിൽ പ്രതീക്ഷിക്കണ്ട. അദ്ദേഹം നാളുകളായി ആലപ്പുഴക്കാർക്കൊപ്പമില്ല. ജനകീയനായിരുന്നു എന്ന വികാരമൊന്നും ഇനി വിലപ്പോവില്ല. ന്യൂനപക്ഷങ്ങളടക്കം ബി.ജെ.പിയിലാണ് അഭയം പ്രാപിക്കുന്നത്.
? വോട്ട് നില എത്രത്തോളം ഉയർത്താനാകും
മുൻ വർഷത്തെക്കാൾ വോട്ട് ഉയർത്തുകയെന്നതല്ല, വിജയിക്കുക എന്നതാണ് ലക്ഷ്യം. എൻ.ഡി.എയ്ക്ക് വിജയിക്കാനുള്ള എല്ലാ അനുകൂല സാഹചര്യങ്ങളുമുണ്ട്. ജില്ലയിലെ ഇരു മണ്ഡലങ്ങളിലും മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും.