kio

ആലപ്പുഴ: വിഷരഹിത പച്ചക്കറി ഉൾപ്പടെയുള്ള ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാനുള്ള കുടുംബശ്രീയുടെ ജില്ലയിലെ ആദ്യ നേച്ചേഴ്സ് ഫ്രഷ് കിയോസ്ക് ഇന്ന് വള്ളികുന്നത്ത് ആരംഭിക്കും. രാവിലെ 9.30ന് എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നേച്ചേഴ്സ് ഫ്രഷ് ബ്രാൻഡിൽ വനിതാ ക‌ർഷകരുടെ ഉത്പന്നങ്ങളാണ് വിൽപ്പന നടത്തുക. വള്ളികുന്നം പ്രദേശത്ത് വിപണിയിൽ കർഷകർക്ക് ഉത്പന്നങ്ങൾക്ക് മതിയായ വില കിട്ടാത്ത സാഹചര്യമാണുള്ളത്. ഇടനിലക്കാരുടെ ചൂഷണമില്ലാതെ കുടുംബശ്രീ മുഖേന ലഭിക്കുന്ന വിപണിയെ പ്രതീക്ഷയോടെയാണ് കർഷകർ വരവേൽക്കുന്നത്. കിയോസ്ക്ക് എല്ലാ ദിവസവും പ്രവർത്തിക്കും. കുടുംബശ്രീ കാർഷിക ഗ്രൂപ്പുകൾ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ, കിഴങ്ങ് വർഗങ്ങൾ, പാൽ, മുട്ട ഇവയിൽ നിന്നുള്ള മൂല്യ വർദ്ധിത ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ കിയോസ്ക്ക് വഴി ലഭ്യമാക്കുകയാണ് പദ്ധതി ലക്ഷ്യം. ജില്ലയിലെ ചേന്നം പള്ളിപ്പുറം, ദേവികുളങ്ങര, ആല, പുന്നപ്ര തെക്ക് പഞ്ചായത്തുകളിലും കുടുംബശ്രീക്ക് കാർഷിക വിപണന കേന്ദ്രം തുറക്കാൻ പദ്ധതിയുണ്ട്.

......

# രണ്ട് ലക്ഷം രൂപ

കിയോസ്ക്കിന്റെ നിർമ്മാണത്തിന് രണ്ട് ലക്ഷം രൂപയാണ് കുടുംബശ്രീമിഷൻ നൽകുന്നത്. അതത് കുടുംബശ്രീ സി.ഡി.എസുകൾക്കാണ് പ്രവർത്തന ചുമതല. കിയോസ്ക് നടത്തിപ്പിന് സി.ഡി.എസുകളിൽ നിന്ന് നിയമിക്കുന്ന റിസോഴ്സ് പേഴ്സൺമാർക്ക് 3600 രൂപ പ്രതിമാസ വേതനത്തിന് പുറമേ വിറ്റുവരവിന്റെ മൂന്ന് ശതമാനം കമ്മീഷനും ലഭിക്കും.