
മാന്നാർ: വേനൽ ചൂടിൽ നാട് വെന്തുരുകുമ്പോൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് മാന്നാറിലെ ജനങ്ങൾ. ജലജീവൻ പദ്ധതിയിൽ എല്ലായിടത്തും കുടിവെള്ളത്തിനായി പൈപ്പ് കണക്ഷനുകൾ ഉണ്ടെങ്കിലും സ്ഥിരമായി വെള്ളം ലഭിക്കാത്തതാണ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നത്. പലപ്പോഴും രാത്രിയിൽ മാത്രം പൈപ്പിലൂടെ എത്തുന്ന വെള്ളത്തിന് ഫോഴ്സ് കുറവായതിനാൽ എല്ലാസ്ഥലങ്ങളിലും എത്താറുമില്ല. മാന്നാറിനും സമീപ പ്രദേശങ്ങൾക്കും ആശ്വാസം പമ്പാനദി ആയിരുന്നു. കൈയേറ്റങ്ങളും മാലിന്യങ്ങളും പമ്പാനദിയെ മരണത്തിന്റെ വക്കിലേക്ക് എത്തിച്ചതിനു പുറമെ തകഴി,അമ്പലപ്പുഴ,ആലപ്പുഴ പ്രദേശങ്ങളിലേക്ക് ജപ്പാൻ കുടിവെള്ളപദ്ധതിക്കായി പമ്പാനദിയിൽ നിന്നും വെള്ളം എടുത്തു തുടങ്ങിയതോടെ , നദിയിലെയും സമീപപ്രദേശങ്ങളിലെയും ജലസ്രോതസുകൾ കുറഞ്ഞതും കുടിവെള്ള ക്ഷാമം രൂക്ഷമാക്കി. മാന്നാർ ഗ്രാമപഞ്ചായത്തിന്റെ ഒട്ടുമുക്കാൽ പ്രദേശങ്ങളിലും കുടിവെള്ളം പൈപ്പുകളിലൂടെ ലഭ്യമാകുന്നത് ചെന്നിത്തലയിലെ ടാങ്കിൽ നിന്നാണ്. പ്രായിക്കരയിൽ നിന്നും ചെന്നിത്തല തൃപ്പെരുന്തുറയിലെ ടാങ്കിൽ സംഭരിച്ച് പിന്നീട് വിവിധ ഇടങ്ങളിലേക്ക് തുറന്നു വിടുകയാണ് ചെയ്യുന്നത്. ആദ്യകാലങ്ങളിൽ മാന്നാറിലേക്ക് എടത്വായിൽ നിന്നായിരുന്നു ജലം എത്തിയിരുന്നത്. ചെന്നിത്തലയിൽ നിന്നും ജലവിതരണം തുടങ്ങിയതിനു ശേഷമാണ് കുടിവെള്ള വിതരണത്തിൽ തടസം നേരിടുന്നതെന്ന് നാട്ടുകാർ പറയുന്നത്. അറ്റകുറ്റപ്പണികൾക്കായി പൈപ് ലൈനുകൾ അടച്ചു കഴിഞ്ഞാൽ തുറന്നു കിട്ടാൻ ഏറെ സമയമെടുക്കും.
.......
# നോക്കുകുത്തിയാക്കി ജലസംഭരണി
മാന്നാർ പാവുക്കര മുല്ലശേരിക്കടവിൽ പമ്പാനദിയോട് ചേർന്ന് കൂറ്റൻ ജലസംഭരണിയുണ്ട്. ഇതിന്റെ നിർമ്മാണം പൂർത്തിയായിട്ട് വർഷം ഒന്നര കഴിഞ്ഞു. ഇതുക്കൊണ്ട് മാന്നാറിനൊരു ഗുണവുമില്ലെന്നുള്ളതാണ് യാഥാർഥ്യം. ഹരിപ്പാട് മണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരത്തിനായി ആവിഷ്കരിച്ച ഹരിപ്പാട് സമഗ്രകുടിവെള്ള പദ്ധതിക്കായി , പള്ളിപ്പാട് സ്ഥാപിച്ച ജലശുദ്ധീകരണ ശാലയിലേക്ക് ആവശ്യമായ ജലം ശേഖരിക്കുന്നതിനാണ് ഈ ജലസംഭരണി. പമ്പാനദിയിൽ നിന്ന് വെള്ളം പമ്പ്ചെയ്ത് ഈ ജലസംഭരണിയിൽ നിന്നും ഹരിപ്പാട്ടേക്ക് വെള്ളം കൊണ്ടുപോകും. വർഷം പത്തായിട്ടും പൂർത്തീകരിക്കാത്ത ഈ പദ്ധതിയിൽ ഇനിയെങ്കിലും മാന്നാറിനെക്കൂടി ഉൾപ്പെടുത്തിയാൽ ഭാവിയിലെങ്കിലും മാന്നാറിലെ കുടിവെള്ള ക്ഷാമത്തിന് ആശ്വാസമാകും.