
മാന്നാർ: വേനൽച്ചൂടിൽ മനസും ശരീരവും തണുപ്പിക്കാൻ സൂപ്പറായ തണ്ണിമത്തൻ കൃഷിയിൽ
നൂറുമേനി വിളവെടുത്ത് വിജയഗാഥ രചിക്കുകയാണ് പൊലീസുകാരനായ ഭർത്താവും
ജനപ്രതിനിധിയായ ഭാര്യയും.വീയപുരം പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ ആയ മാന്നാർ വിഷവർശ്ശേരിക്കര പട്ടരുമഠത്തിൽ ബാലകൃഷ്ണനും മാന്നാർ ഗ്രാമപഞ്ചായത്തംഗം ശാന്തിനി ബാലകൃഷ്ണനുമാണ് ഒരു തണ്ണിമത്തൻ വിജയഗാഥയുടെ പ്രധാന ശിൽപ്പികൾ. മാന്നാർ ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിൽ നിന്നുമുള്ള ബി.ജെ.പി പ്രതിനിധിയാണ് ശാന്തിനി ബാലകൃഷ്ണൻ.കൃഷിയെ ഏറെ സ്നേഹിക്കുന്ന ബാലകൃഷ്ണൻ, സുഹൃത്തായ വാനിയത്ത് തെക്കേതിൽ സന്തോഷിന്റെ 80സെന്റിലാണ് ഓൺലൈനിലൂടെ വിത്തുകൾ വരുത്തി കൃഷിയിറക്കിയത്.തണ്ണിമത്തനൊപ്പം പയർ, പടവലം, വെള്ളരി, ചീര എന്നിവയും കൃഷി ചെയ്യുന്നുണ്ട്.ഏതാനും ദിവസങ്ങൾക്കു മുമ്പ് ചീരക്കൃഷിയുടെ വിളവെടുപ്പ് ആഘോഷത്തോടെ നടത്തിയിരുന്നു.
ഒഴിവുസമയം കൃഷിയിടത്തിൽ
ഒഴിവുസമയം മുഴുവനായും ഈ ദമ്പതികൾ കൃഷിക്കായിട്ടാണ് നീക്കിവച്ചിരിക്കുന്നത്.
പാരമ്പര്യരീതിയിൽ പൂർണമായും ജൈവവളം ഉപയോഗിച്ചാണ് കൃഷി. മകൾ ദേവീകൃഷ്ണയും ബന്ധുവും കുടുംബ സുഹൃത്തുമായ ലാലുവും കൃഷിക്ക് ആവശ്യമായ സഹായവുമായി ഒപ്പമുണ്ട്. മാന്നാർ കൃഷി ഓഫീസർ പി.സി.ഹരികുമാറിന്റെ നിർദ്ദേശങ്ങളാണ് ദമ്പതികളെ കൃഷിയിലേക്ക് കൂടുതൽ ആകർഷിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു തണ്ണിമത്തന്റെ വിളവെടുപ്പ്. ഗ്രാമപഞ്ചായത്തംഗം കെ.സി.പുഷ്പലതയുടെ സാന്നിധ്യത്തിൽ മാന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലീന നൗഷാദ് ഉദ്‌ഘാടനം ചെയ്തു.