mavelikkara

ആലപ്പുഴ: മൂന്ന് മുന്നണി സ്ഥാനാർത്ഥികളുമെത്തിയോതോടെ വേനലിനേക്കാൾ കഠിനമാണ് മാവേലിക്കരയിലെ തിരഞ്ഞെടുപ്പ് ചൂട്. സിറ്റിംഗ് എം.പിയും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നിൽ സുരേഷിനെ ഇറക്കി മണ്ഡലം നിലനിറുത്താനുള്ള കോൺഗ്രസ് ശ്രമത്തെ പുതുമുഖ സ്ഥാനാർത്ഥിയായ അരുൺകുമാറിലൂടെ നേരിടാനാണ് സി.പി.ഐ തീരുമാനം. ബൈജു കലാശാലയിലൂടെ ശക്തമായ മത്സരമാണ് എൻ.ഡി.എ സഖ്യ കക്ഷിയായ ബി.ഡി.ജെസും നൽകുന്നത്. സംവരണ മണ്ഡലമായ മാവേലിക്കരയിൽ പ്രാദേശിക പ്രശ്നങ്ങൾക്കൊപ്പം ദേശീയ, സംസ്ഥാന വിഷയങ്ങളും ചർച്ചയാക്കി മുന്നേറുന്ന സ്ഥാനാർത്ഥികൾ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നു.

കൊടിക്കുന്നിൽ സുരേഷ് (യു.ഡി.എഫ് )

മാവേലിക്കരയുടെ വികസനയാത്രയുടെ തുടർച്ചയും സമഗ്ര പുരോഗതിയും ലക്ഷ്യമിട്ട് പാർലമെന്ററി പ്രവർത്തനങ്ങൾ ഊർജിതമാക്കി മുന്നോട്ട് പോകണം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനജീവിതം ദുസഹമാക്കിയ കേരളത്തിന്റെ വികസനത്തിലേക്കും അവസരങ്ങളിലേക്കുമുള്ള യാത്രയുടെ ആദ്യപടിയാണിത്. കേന്ദ്രത്തിന്റെ ഫാസിസ്റ്റ് നിലപാടും കുത്തകവത്കരണവും സാമ്പത്തിക അസമത്വവും വർഗീയതയും രാജ്യത്തെ കുട്ടിച്ചോറാക്കി. ഇടത് ദുർഭരണവും അഴിമതിയും കേരളത്തെ തകർത്തു. ഇതിനെതിരെ ശക്തമായ ബദലിന് കോൺഗ്രസിനേ കഴിയൂ. സംസ്ഥാന സർക്കാരിന്റെ അവഗണന കാരണം തകർന്ന അടിസ്ഥാന തൊഴിലാളി വർഗത്തിന്റെ ജീവിതം കരുപ്പിടിപ്പിക്കാനാവശ്യമായ നടപടി വേണമെങ്കിൽ യു.ഡി.എഫ് വിജയിക്കണം. അഴിമതിയിൽ മുങ്ങിക്കുളിച്ച സംസ്ഥാനസർക്കാരിന്റെ വിലയിരുത്തലാകും തിരഞ്ഞെടുപ്പ്.

അഡ്വ.സി.എ അരുൺകുമാർ (എൽ.ഡി.എഫ്)​

വർഗീയതയ്ക്കും കേന്ദ്രത്തിന്റെ തെറ്റായ സാമ്പത്തികനയങ്ങൾക്കുമെതിരെ ശക്തമായ മതേതര ജനാധിപത്യബദൽ രൂപപ്പെടുത്തി വികസനക്ഷേമ പ്രവർത്തനം ശക്തമാക്കണം. മാവേലിക്കരയുടെ സമഗ്ര വികസനത്തിനാവശ്യമായ കർമ്മ പദ്ധതി ആവിഷ്കരിക്കണം. സാമ്പത്തിക,തൊഴിൽ മേഖലയാകെ പ്രതിസന്ധിയിലായപ്പോൾ സൗജന്യറേഷനും ഭക്ഷ്യക്കിറ്റും നൽകി നാടിനെ കാത്തതിനൊപ്പം ദേശീയപാതയുൾപ്പെടെ അസാദ്ധ്യമെന്ന് കരുതിയ വികസനപ്രവർത്തനം നടപ്പാക്കാൻ കഴിഞ്ഞത് മുഖ്യമന്ത്രിയുടെ നേതൃപാടവത്തിലാണ്. ആനുകൂല്യങ്ങൾ നിഷേധിച്ചും കള്ളക്കേസുകൾ ചമച്ചും സംസ്ഥാനത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന കേന്ദ്രത്തിനെതിരായ വിധിയെഴുത്താകുമിത്. കേന്ദ്രമന്ത്രി വരെയായിരുന്ന അംഗം പ്രതിനിധീകരിച്ച മണ്ഡലത്തിലൊരിടത്തും നേട്ടമായി ചൂണ്ടിക്കാട്ടാനൊന്നുമില്ല. റോഡ്,​ റെയിൽവേ വികസനത്തിന് ഒരു രൂപപോലും കേന്ദ്രത്തിൽനിന്ന് നേടിയെടുക്കാനോ പരമ്പരാഗത വ്യവസായങ്ങളുടെ സംരക്ഷണത്തിനുള്ള നടപടി സ്വീകരിക്കാനോ ശ്രമിച്ചിട്ടില്ല.

ബൈജു കലാശാല (എൻ.ഡി.എ)

രാജ്യത്തിന്റെ സമഗ്രപുരോഗതിയാണ് എൻ.ഡി.എയുടെ ആശയം. കാർഷിക, പരമ്പരാഗത തൊഴിൽ മേഖലകളുടെ അഭിവൃദ്ധിക്കാവശ്യമായ നടപടിയെടുക്കും. നെല്ലിന്റെ കേന്ദ്രതാങ്ങുവില നേരിട്ട് ക‌ർഷകന്റെ അക്കൗണ്ടിലെത്തിക്കും. കേന്ദ്രത്തിൽ സുശക്തമായ ഭരണത്തിന് നരേന്ദ്രമോദി നയിക്കുന്ന എൻ.ഡി.എയ്ക്കേ കഴിയുകയുള്ളൂ. ശക്തമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ എൻ.ഡി.എയ്ക്കുള്ള കരുത്ത് കോൺഗ്രസിനോ അവർ രൂപീകരിച്ച ഇന്ത്യ മുന്നണിയിലെ ഘടകക്ഷികൾക്കോ ഇല്ല. എൻ.ഡി.എ ഭരണത്തിലാണല്ലോ കേരളത്തിൽ ദേശീയപാത വികസനമുൾപ്പെടെ സാദ്ധ്യമായത്. സമസ്തമേഖലയിലും മുരടിപ്പാണ് മാവേലിക്കരയിൽ. സ്വജനപക്ഷപാതവും ധൂർത്തും കണ്ടുംകേട്ടും മടുത്ത ജനങ്ങൾ ഇടതുമുന്നണിയ്ക്കെതിരായ വിധിയെഴുത്തായിട്ടാകും ഈ അവസരത്തെ കാണുക. മുഖ്യമന്ത്രിയും കുടുംബവും നടത്തിയ അഴിമതി തിരഞ്ഞെടുപ്പിൽ ചർച്ചയാകും.