മാന്നാർ : മാന്നാർ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് ഡി.സി.സി കണ്ടെത്തിയ താത്കാലിക പരിഹാരം വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥയിലേക്ക് നീങ്ങുന്നു. വെസ്റ്റ് മണ്ഡലം പ്രസിഡന്റിന്റെ താത്കാലിക ചുമതല മുൻ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് ഹരികുട്ടംപേരൂരിനു നൽകിയതാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണം.

അഞ്ചുവർഷമായ മണ്ഡലം കമ്മിറ്റികളെ മാറ്റി ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പായി പുതിയ കമ്മിറ്റികൾ നിലവിൽ വരണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം മാന്നാർ ഈസ്റ്റ് മണ്ഡലം പ്രസിഡന്റായിരുന്ന ഹരികുട്ടംപേരൂരിനെ മാറ്റി മധു പുഴയോരത്തെ നിയമിച്ചിരുന്നു. ഇങ്ങനെ, ഈസ്റ്റിൽ നിന്നും ഒഴിവാക്കിയ ആളെ വെസ്റ്റിൽ കൊണ്ടുവന്ന് നിയമിച്ചതാണ് കൂടുതൽ അതൃപ്തിക്ക് കാരണമായത്.

ഈസ്റ്റിൽ നിന്ന് മാറ്റിയയാൾ വെസ്റ്റിലേക്ക്

 മാന്നാർ വെസ്റ്റ് മണ്ഡലം പ്രസിഡന്റായിരുന്ന ഷാജി കോവുംപുറത്ത് വിദേശത്തു പോയതിനെത്തുടർന്ന് താത്‌കാലിക പ്രസിഡന്റായി എം.ജി.ചന്ദ്രശേഖരൻപിള്ളയെ ജില്ലാ കോൺഗ്രസ് കമ്മിറ്റി നിയമിച്ചിരുന്നു

 പ്രാദേശിക പ്രവർത്തകരുടെ അഭിപ്രായം മാനിക്കാതെ ജില്ലാനേതൃത്വം നടത്തിയ നിയമനത്തിൽ പ്രതിഷേധവും പരാതിയുമുയർന്നതോടെ അഞ്ചുമാസത്തിനുശേഷം ചന്ദ്രശേഖരൻപിള്ള രാജിവച്ചു

 ഈ സ്ഥാനത്തേക്ക് അനിൽ മാന്തറയ്ക്കും ഷമീർ ജലാലിനും വേണ്ടി വടംവലി ശക്തമായതോടെയാണ് താൽക്കാലിക പരിഹാരമെന്ന നിലയിലാണ് പരിചയ സമ്പന്നനായ ഹരി കുട്ടംപേരൂരിനെ നിയമിച്ചത്