
കായംകുളം: ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ, ശ്രീനാരായണ ഗുരുദേവന് വിദ്യ പകർന്നു നൽകിയ പുതുപ്പള്ളി ചേവണ്ണൂർ കളരിയിലെത്തി കാര്യദർശിയുടെ അനുഗ്രഹം വാങ്ങി. കായംകുളത്തെ പര്യടനത്തിനിടയിലാണ് കളരി കാര്യദർശിയും ശിവഗിരി മുൻമഠാധിപതിയുമായ സ്വാമി വിശുദ്ധാനന്ദയുടെ അനുഗ്രഹം തേടിയെത്തിയത്.
ഉച്ചയ്ക്ക് ഒരു മണിയോടു കൂടി എത്തിയ ശോഭാ സുരേന്ദ്രനെ സ്വാമിയും ബി ജെ പി ദേവികുളങ്ങര പഞ്ചായത്ത് കമ്മിറ്റിയും ചേർന്ന് സ്വീകരിച്ചു. കളരിയുടെ പൂജാമുറിയിൽ ശോഭാ സുരേന്ദ്രന് വേണ്ടി പ്രത്യേക പൂജയും നടത്തുകയും, നെയ്യ് വിളക്കുകൾ കത്തിയ്ക്കുകയും ചെയ്തു. സ്വാമിയിൽ നിന്നും പ്രസാദവും തീർത്ഥവും വാങ്ങിയ ശേഷം ശോഭ പ്രവർത്തകരോടും നാട്ടുകാരോടും സൗഹൃദ സംഭാഷണവും നടത്തി.
രാഷ്ട്രീയ ജീവിതത്തിൽ ഗുരുദർശനം മാർഗദീപമാണെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. സ്വാമി ശിവഗിരി മഠാധിപതി ആയിരുന്ന സമയത്ത് ഒട്ടേറെ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ശിവഗിരിയുമായി ബന്ധപ്പെട്ട് കേന്ദ്ര ടൂറിസം മന്ത്രിയുമായി സംസാരിച്ച് ചില കാര്യങ്ങളൊക്കെ ചെയ്യാൻ സാധിച്ചത് പുണ്യമായി കരുതുന്നുവെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
തുടർന്ന് കണ്ടല്ലൂർ, പുല്ലുകുളങ്ങര, പത്തിയൂർ എന്നിവിടങ്ങളിൽ പ്രചാരണം നടത്തി.