മാന്നാർ : പ്രാർത്ഥനയുടെയും സമർപ്പണത്തിന്റെയും ദിനങ്ങളുമായി വീണ്ടും ഒരു റംസാൻ മാസം കൂടി വരവായി. ആരാധനയോടൊപ്പം ആത്മനിയന്ത്രണങ്ങളും പാലിച്ച് റംസാനിലെ പുണ്യങ്ങൾ കരഗതമാക്കുവാൻ ഇനി ഒരുമാസക്കാലം മസ്ജിദുകളിൽ വിശ്വാസികളുടെ തിരക്കായിരിക്കും.
ഇഫ്താറിനുശേഷമുള്ള മഗ്‌രിബ്, ഇശാ നിസ്കാരങ്ങൾ, റംസാനിലെ രാത്രികളിലെ പ്രത്യേകനിസ്കാരമായ തറാവീഹ് എന്നിവയുടെ സമയങ്ങളിലാണ് വിശ്വാസികൾ ഏറ്റവുംകൂടുതലായി മസ്ജിദുകളിൽ എത്തുന്നത്. നോമ്പുകഞ്ഞി വിതരണത്തിനും സമൂഹഇഫ്താറിനും പ്രത്യേകസൗകര്യങ്ങൾ ഒരുക്കിയതായി ജമാഅത്ത് കൗൺസിൽ ചെയർമാൻ ഹാജി ഇക്ക്ബാൽ കുഞ്ഞ്, ജമാഅത്ത് പ്രസിഡൻറ് റഷീദ് പടിപ്പുരയ്ക്കൽ, സെക്രട്ടറി നവാസ് ജലാൽ എന്നിവർ പറഞ്ഞു.
ചീഫ്ഇമാം കെ.സഹലബത്ത് ദാരിമി, അസി.ഇമാം ഷഹീർബാഖവി എന്നിവർ മാന്നാർ പുത്തൻപള്ളി ജുമാമസ്ജിദിലും നിസാമുദ്ദീൻ നഈമി കുരട്ടിക്കാട് മസ്ജിദിലും ആരാധനകൾക്കും മറ്റ്കർമ്മങ്ങൾക്കും നേതൃത്വം നൽകും. പാവുക്കര ജുമാമസ്ജിദിൽ ചീഫ്ഇമാം നൗഫൽ ഫാളിലിയും , പാവുക്കര കല്ലുമ്മൂട് തൈക്കാവിൽ ആഷിഖ് ഹുമൈദിയും ഇരമത്തൂർ മുഹ്‌യിദ്ദീൻ ജുമാമസ്ജിദിൽ ചീഫ്ഇമാം അബ്ദുൽ ഹക്കീം അൽഖാസിമിയും അസി.ഇമാം അൻവർഷ മന്നാനിയും നേതൃത്വം നൽകും.
നോമ്പുകഞ്ഞിയും
സമൂഹ ഇഫ്താറും
പ്രഭാതംമുതൽ പ്രദോഷംവരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് ആരാധനാകർമ്മങ്ങളിലും പ്രാർത്ഥനകളിലും പങ്കെടുക്കാൻ എത്തുന്നവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്ന തിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ മസ്ജിദ് പരിപാലനസമിതികൾ. മസ്ജിദുകൾ പെയിന്റ് ചെയ്ത് മോടിപിടിപ്പിച്ചും അലങ്കാരദീപങ്ങൾ ചാർത്തിയും പുതിയ മുസല്ലകൾവിരിച്ചും മനോഹരമാക്കി വിശ്വാസികളെ വരവേൽക്കാൻ തയ്യാറെടുപ്പുകൾ നടത്തി.
നോമ്പുകഞ്ഞി വിതരണത്തിനും സമൂഹഇഫ്താറിനും പ്രത്യേകസൗകര്യങ്ങൾ മസ്ജിദുകൾ ഒരുക്കിയിട്ടുണ്ട്