
അരൂർ :അരൂർ പഞ്ചായത്ത് 22-ാം വാർഡിൽ കായൽ കയ്യേറ്റം പതിവാകുന്നതായി പരാതി. അരൂർ മുക്കത്ത് വ്യവസായകേന്ദ്രത്തിന് പടിഞ്ഞാറ് ഭാഗത്തെ കായൽ തീരമാണ് ചില രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ സ്വകാര്യ ബോട്ട് നിർമ്മാണ കമ്പനി കയ്യേറുന്നത്. പട്ടാപ്പകൽ ടോറസ് ലോറികളിൽ ലോഡ് കണക്കിന് പൂഴിമണൽ അടിച്ചാണ് കായൽ നികത്തുന്നത്. ഒഴിവു ദിവസങ്ങളിലാണ് ഇത് ഏറെയും. മാസങ്ങൾക്ക് മുമ്പ് കായൽ കയ്യേറ്റം പൊതു പ്രവർത്തകർ തsയുകയും, വില്ലേജ് ഓഫീസറെ അറിയിച്ചതിനെ തുടർന്ന് വില്ലേജ് അധികാരികളെത്തി കൈയേറ്റം നിർത്തി വപ്പിച്ചതാണ്.എന്നാൽ വീണ്ടും കായൽ നികത്തലും കയ്യേറ്റവും തുടരുകയാണ്.അധികൃതരുടെ ഒത്താശയോടെയാണ് കായൽ കയ്യേറ്റം നടക്കുന്നതെന്നാണ് സമീപവാസികൾ പറയുന്നത്. നാളുകൾക്കു മുമ്പ് നടന്ന കയ്യേറ്റത്തിന്റെ പരാതി നിലനിൽക്കെ തന്നെയാണ് പുതിയ കയ്യേറ്റം നടത്തുന്നത്. ഇനിയും ഏക്കർ കണക്കിന് കായൽ കയ്യേറാനാണ് നീക്കമെന്ന് മത്സ്യതൊഴിലാളികളും പ്രദേശ വാസികളും പറയുന്നത്.