
ചേർത്തല: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ചേർത്തല നഗരസഭ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീയിലെ 25 വർഷത്തെ ജീവിതാനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് അയൽക്കൂട്ട അംഗങ്ങൾ തയ്യാറാക്കിയ 'രചന 'എന്ന പുസ്തകവും നഗരസഭാ ഹരിത കർമ്മ സേനാംഗങ്ങളുടെ ജീവിതാനുഭവങ്ങൾ കോർത്തിണക്കിയ 'എന്റെ ജീവിത പലായനങ്ങൾ 'എന്ന പുസ്തകവും നഗരസഭ ചെയർപേഴ്സൻ ഷേർളി ഭാർഗവൻ പ്രകാശനം ചെയ്തു.
കാൽ നൂറ്റാണ്ടിലെ കുടംബശ്രീ പ്രവർത്തനം വ്യക്തി ജീവിതത്തെയും കുടുംബജീവിതത്തെയും എങ്ങനെയൊക്കെ സ്വാധീനിച്ചു എന്നതാണ് 'രചന' യിലൂടെ 85 പേർ ചേർന്ന് വിവരിച്ചിരിക്കുന്നത്. മാലിന്യ ശേഖരണമെന്ന ജോലിയിൽ എത്തിയ സാഹചര്യവും ഹരിത കർമ്മ സേനാംഗം എന്ന നിലയിൽ സാമൂഹ്യപദവിക്കും ജീവിതത്തിനും വന്ന മാറ്റമാണ് 69 അംഗ ചേർത്തല നഗരസഭ കൺസോർഷ്യവും ഐ.ആർ.ടി.സി യും ചേർന്ന് തയ്യാറാക്കിയ 'എന്റെ ജീവിത പലായനങ്ങൾ ' എന്ന ജീവചരിത്ര ഗ്രന്ഥത്തിന്റെ പ്രമേയം.
കുടംബശ്രീ അംഗങ്ങളുടെ ജീവിതാനുഭവ പ്രകാശന ചടങ്ങിൽ സി.ഡി.എസ് ചെയർപേഴ്സൻ അഡ്വ.പി.ജ്യോതിമോളും ഹരിത കർമ്മ സേനാംഗങ്ങളുടെ ജീവിതാനുഭവ പ്രകാശനത്തിൽ വൈസ് ചെയർമാൻ ടി.എസ്. അജയകുമാറും അദ്ധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ശോഭ ജോഷി, ജി.രഞ്ജിത്ത്,ഏലിക്കുട്ടി ജോൺ, കൗൺസിലർമാരായ എ. അജി,കനകമ്മ, ജോസഫ് മുള്ളഞ്ചിറ, നഗരസഭ സെക്രട്ടറി ടി.കെ. സുജിത്ത്, സി.ഡി.എസ് ചെയർപേഴ്സൺ അഡ്വ.പി.ജ്യോതിമോൾ,ക്ലീൻ സിറ്റി മാനേജർ സുധീപ്, മെമ്പർ സെക്രട്ടറി നസിയ നിസാർ, കമ്മ്യൂണിറ്റി ഓർഗനൈസർ ശാരിമോൾ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ എം.എ.മഞ്ജു,അക്കൗണ്ടന്റ് കെ.ടി.സന്ധ്യമോൾ, ഹരിത കർമ്മ സേനാ കൺസോർഷ്യം ഭാരവാഹികളായ സീനാമോൾ,ശ്രീകല എന്നിവർ സംസാരിച്ചു.