ആലപ്പുഴ: ദീർഘകാലം കോൺഗ്രസ് പ്രവർത്തകനും പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്തംഗവുമായിരുന്ന ബൈജുകലാശാല പാർട്ടി വിട്ട് ബി.ഡി.ജെ.എസിൽ ചേർന്നശേഷം മാവേലിക്കര ലോക്സഭാതിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ്. തിരക്കിട്ട തിരഞ്ഞെടുപ്പ് പ്രചരണത്തിരക്കിനിടെ അദ്ദേഹം നയം വ്യക്തമാക്കുന്നു
?കോൺഗ്രസ് വിടാൻ കാരണം
കോൺഗ്രസിൽ ജനാധിപത്യമില്ല. സംസ്ഥാന- ദേശീയ തലത്തിൽ ഒരു നല്ല നേതൃത്വം പോലുമില്ലാതെ സ്വയം നശിക്കുകയാണ്. ദേശീയ തലത്തിൽ ഇന്ത്യയെ ഒറ്റക്കെട്ടായി നയിക്കാൻ ഇനി ബി.ജെ.പിക്കേ കഴിയു. കഴിഞ്ഞ തവണത്തേതിൽ നിന്ന് തികച്ചും വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലേത്. ഇത്തവണ രണ്ടക്കസീറ്റിൽ കുറയാത്ത വിജയം കേരളത്തിൽ എൻ.ഡി.എയ്ക്കുണ്ടാകും.
? ക്ഷേമപ്രവർത്തനങ്ങൾ വോട്ടാകുമോ
തീർച്ചയായും. കർഷകരും പരമ്പരാഗത തൊഴിലാളികളും ഉൾപ്പടെ സമസ്ത മേഖലയിലെയും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ഉതകുന്ന ക്ഷേമ പ്രവർത്തനങ്ങളാണ് എൻ.ഡി.എ രാജ്യത്ത് ആവിഷ്കരിച്ചിരിക്കുന്നത്. കിസാൻ സമ്മാൻ നിധി, സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികൾ, ദേശീയ പാത നിർമ്മാണം, റെയിൽവേ വികസനം, ജൽജീവൻ മിഷൻ എന്നുവേണ്ട ദുർബല ജനവിഭാഗങ്ങളെ ശാക്തീകരിക്കുന്ന വമ്പൻ പദ്ധതികളാണ് രാജ്യത്താകമാനം നടത്തിവരുന്നത്.
?കർഷക ആത്മഹത്യതിരിച്ചടിക്കുമോ
കേന്ദ്രത്തിൽ നിന്ന് ഫണ്ട് കിട്ടുന്നില്ലെന്നത് സംസ്ഥാനത്തിന്റെ സ്ഥിരം പല്ലവിയാണ്. നെല്ല് സംഭരിച്ചതിന്റെ കണക്കുകൾ കൃത്യ മായി നൽകാത്തതാണ് കേന്ദ്രവിഹിതം വൈകാൻ കാരണം. പാവപ്പെട്ടവർക്ക് പെൻഷനും ഉദ്യോഗസ്ഥർക്ക് ശമ്പളവും നൽകാത്തതിനും ഇവർ കേന്ദ്രത്തെ പഴിക്കുമോ? പട്ടികജാതി വിദ്യാർത്ഥികളടക്കമുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങളെല്ലാം മുടങ്ങി. കരാറുപണികളേറ്റെടുത്തവർ ആത്മഹത്യയുടെ വക്കിലാണ്. കർഷക ആത്മഹത്യ ഒരു യാഥാർത്ഥ്യമായിമുന്നിലുണ്ട്. ഗവൺമെന്റ് വിരുദ്ധവികാരം ശക്തമായി ഈ മണ്ഡലത്തിലുണ്ട്.
?ചൂഷണത്തിന് പരിഹാരം
പല കേന്ദ്ര പദ്ധതികളുടെയും ആനുകൂല്യങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് കർഷകരുടെ കൈകളിലെത്തുന്നതുപോലെ നെല്ലിന്റെ സംഭരണ വിലയിലെ കേന്ദ്ര വിഹിതവും എത്തണം. എങ്കിൽ മാത്രമേ ഇത്തരംചൂഷണങ്ങൾക്ക് പരിഹാരമാകു.
?പരമ്പരാഗത തൊഴിൽമേഖല
കേരളത്തിന്റെ സമ്പദ്ഘടന മാറി മറിഞ്ഞു. കൃഷിയും കയറും കശുഅണ്ടിയുമെല്ലാം കേരളത്തിന്റെ സാമ്പത്തിക അടിത്തറയായിരുന്നെങ്കിൽ ഇന്ന് പരമ്പരാഗത തൊഴിൽ, വ്യവസായ മേഖലകളാകെ തകർന്നടിഞ്ഞു. വളരെ ഗൗരവമായ ഇടപെടലുണ്ടാകേണ്ടതാണ്. വിപണി മെച്ചപ്പെടുത്താനും തൊഴിലാളികളെ സംരക്ഷിക്കാനും സർക്കാർ നടപടിയുണ്ടാകണം.
? ഇന്ത്യാമുന്നണി
എൻ.ഡി.എ യെ പിന്തുണയ്ക്കാൻ കേരളത്തിൽ നിന്ന് ജനപ്രതിനിധികളെത്തുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണാനാകും കോൺഗ്രസിന്റെയൊക്കെ സ്ഥിതിയെത്ര ദയനീയമാണ്. ആനിരാജ മത്സരിക്കുന്നു, രാഹുൽ മത്സരിക്കുന്നു. പിന്നെ എന്താണ് ഇന്ത്യാ മുന്നണി?.
?എത്രസീറ്റ് കിട്ടും
ബി.ഡി.ജെ.എസ് എൻ.ഡി.എയുടെ ഭാഗമായപ്പോൾ നെറ്റി ചുളിച്ചവരുണ്ട്. ഇപ്പോൾ ഞങ്ങളെല്ലാം എത്ര അഭിമാനത്തോടെയാണ് എൻ.ഡി.എയുടെ ഭാഗമായിരിക്കുന്നത്. ഈ മാറ്രം ഒരു കൊടുങ്കാറ്റായി കേരളത്തിൽ മാറുമെന്ന കാര്യത്തിൽ സംശയമില്ല. രണ്ടക്ക സീറ്റിൽ എൻ.ഡി.എ വിജയിക്കും.