ആലപ്പുഴ: കടുത്ത വേനലിനൊപ്പം നിർമ്മാണ പ്രവർത്തനങ്ങളും സജീവമായതോടെ ജില്ലയിൽ പൊടിശല്യം രൂക്ഷമായി. കാറ്റുവീശുമ്പോഴും വാഹനങ്ങൾ പോകുമ്പോഴും വീടുകളിലെ അടുക്കള വരെ പൊടിയെത്തുന്ന സ്ഥിതിയാണ്. ഇതോടെ,​ കുട്ടികളും മുതിർന്നവരുമെല്ലാം പനി, അലർജി ഉൾപ്പെടെയുള്ള ശ്വാസകോശ രോഗങ്ങളുടെ ഭീഷണിയിലാണ്. ജില്ലയിലെ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരിൽ 50 ശതമാനവും അലർജിയുമായി ബന്ധമുള്ള രോഗികളാണ്.

കുട്ടികളിൽ പനി, വിട്ടുമാറുത്ത ചുമ, മരക്കൊലിപ്പ് എന്നിവ വ്യാപകമാണ്. നിമോണിയ, ക്ഷയരോഗം എന്നിവ വ്യാപിക്കാനുള്ള സാദ്ധ്യതയും കൂടുതലാണ്. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ജില്ലാ ഹോമിയോ ആശുപത്രി എന്നിവിടങ്ങളിലും തിരക്കേറിയിട്ടുണ്ട്.

കൊവിഡ് കാലത്ത് മാസ്‌ക്ക് നിർബന്ധമാക്കിയപ്പോൾ രോഗികളുടെ എണ്ണത്തിൽ വൻകുറവായിരുന്നു. 20 ശതമാനം പേർ മാത്രമായിരുന്നു അലർജിക്ക് ചികിത്സ തേടിയിരുന്നത്.

പിന്നീട് മാസ്‌ക്ക് ഒഴിവാക്കിയതോടെയാണ് രോഗികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചതെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.

പൊടിപറത്തി നിർമ്മാണം

ദേശീയപാത, അരൂർ-തുറവൂർ മേൽപ്പാലം, ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്, ആലപ്പുഴ ബീച്ചിലെ നിർമ്മാണങ്ങൾ തുടങ്ങിയവ മാസങ്ങളായി തുടരുന്നതിനാൽ ഗ്രാവൽ ഉൾപ്പടെയുള്ള സാധനങ്ങൾ ഇറക്കുന്നതും അവയുമായുള്ള വാഹനങ്ങളുടെ നിരന്തര സഞ്ചാരവുമാണ് പൊടി പരക്കാൻ കാരണം. ആലപ്പുഴ ഇ.എസ്.ഐ ആശുപത്രി പരിസരം മുതൽ ബീച്ച് വരെയുള്ള വീടുകളും സ്ഥാപനങ്ങളും ബൈപ്പാസ് നിർമ്മാണത്തിന്റെ ദുരിതത്തിലാണ്.

വെള്ളം തളിച്ചാൽ അടങ്ങും

റോഡ് പൊളിച്ചും വാഹനങ്ങൾ കയറിയിറങ്ങിയും നഗരം മുഴുവൻ മണ്ണും പൊടിയും നിറഞ്ഞ അവസ്ഥയാണ്. കടലോര പ്രദേശമായതിനാൽ കാറ്റും കൂടുതലാണ്. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശത്തെ പൊടി കുറയ്ക്കുന്നതിനായി വെള്ളം തളിക്കാൻ പല തവണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും കേൾക്കാത്ത മട്ടാണ്.

മാസ്‌ക് മറക്കരുത്

മാസ്ക്, മുഖംമൂടുന്ന തരത്തിലുള്ള ഹെൽമെറ്റ് ധരിക്കുക

പൊടി ഒഴിവാക്കാൻ പരിസരത്ത് വെള്ളം തളിക്കുക

ചികിത്സയിലുള്ളവർ മുടങ്ങാതെ മരുന്ന് കഴിക്കണം

തണുപ്പ്, മഞ്ഞ് ഇവ ഏൽക്കാതിരിക്കുക

രോഗലക്ഷണമുള്ളവർ ഡോക്ടറുടെ സേവനം തേടണം

ജനങ്ങൾ മാസ്‌ക് ഉപേക്ഷിച്ചതും കാലാവസ്ഥയിലെ മാറ്റവുമാണ് അലർജി, ശ്വാസകോശ രോഗികളുടെ എണ്ണം വർദ്ധിക്കാൻ കാരണം. ജില്ലയിലെ ആശുപത്രികളിലെത്തുന്നവരിൽ അധികവും അലർജിയുമായി ബന്ധപ്പെട്ട രോഗികളാണ്

-ഡോ. ബി.പദ്മകുമാർ, പ്രൊഫസർ മെഡിസിൻ വിഭാഗം,

മെഡിക്കൽ കോളേജ് ആശുപത്രി, ആലപ്പുഴ