ആലപ്പുഴ: സിറ്റി ഗ്യാസ് പാചക വാതക പൈപ്പ് ലൈൻ സ്ഥാപിക്കൽ ജോലികൾ ആരംഭിച്ചതോടെ നഗര ഹൃദയത്തിൽ വഴിമുട്ടി ഗതാഗതം. ജനറൽ ആശുപത്രി ജംഗ്ഷനിൽ നിന്ന് പിച്ചു അയ്യർ ജംഗ്ഷൻ കടന്ന് വൈറ്റ് ടോപ്പ് റോഡ് വഴി വൈ.എം.സി.എയിലേക്ക് പൈപ്പ് ലൈൻ സ്ഥാപിക്കൽ ജോലികൾ നീണ്ടതാണ് നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷമാക്കിയത്. കളർകോട് ജംഗ്ഷനിൽ നിന്നാരംഭിച്ച പൈപ്പ് ലൈൻ മെയിൻ ലൈനുമായി ബന്ധിപ്പിക്കുന്നതിനുള്ള പൈപ്പിടിലാണ് പുരോഗമിക്കുന്നത്. കളർകോട്- ജനറൽ ആശുപത്രി റോഡിലെ പൈപ്പിടീൽ ടി.ഡി സ്കൂൾ വരെ എത്തി നിൽക്കുകയാണ്. പിച്ചു അയ്യർ ജംഗ്ഷന്റെ ഇരുവശവും പൈപ്പിടീലിന്റെ ഭാഗമായി റോഡിന്റെ ഒരു ഭാഗം പൂർണമായും അടച്ചുകഴിഞ്ഞു. പൈപ്പ് ലൈനിടാൻ റോഡ് കുഴിയ്ക്കുകയും ഒരു ഭാഗം അടയ്ക്കുകയും ചെയ്തതോടെ ദിവസങ്ങളായി രാവിലെയും വൈകിട്ടും പിച്ചു അയ്യർ ജംഗ്ഷനിൽ ഗതാഗതം ക്ളേശകരമാണ്. ഒരു ഹോംഗാർഡ് ഗതാഗതം നിയന്ത്രിച്ചിരുന്ന ഇവിടെ ഇപ്പോൾ മൂന്നും നാലും പേർ നിയന്ത്രിച്ചിട്ടും ഗതാഗതം സുഗമമാകാത്ത സാഹചര്യമാണ്.
.....
# യാത്രക്കാർ ദുരിതത്തിൽ
എസ്.എസ്.എൽ.സി പരീക്ഷാദിവസങ്ങളിൽ കുട്ടികളുമായെത്തുന്ന വാഹനങ്ങളും മറ്റും മണിക്കൂറുകളോളം വെയിലേറ്റ് റോഡിൽ കിടക്കേണ്ട ഗതികേടിലാണ്. കലവൂർ ഭാഗത്തേക്കുള്ള സ്വകാര്യ ബസുകളും മുല്ലയ്ക്കൽ തെരുവിലേക്കുള്ള വാഹനങ്ങളും പിച്ചു അയ്യർ ജംഗ്ഷനിൽ നിന്ന് അകത്തേക്ക് തിരിഞ്ഞ് മുല്ലയ്ക്കൽ തെരുവ് വഴി പഴവങ്ങാടി, ബോട്ട് ജെട്ടി , കോടതിപ്പാലം വഴിയാണ് പോകേണ്ടത്. പൈപ്പിടീൽ കുറഞ്ഞത് രണ്ടുമാസമെടുക്കും.