ambala

അമ്പലപ്പുഴ: ത്രികോണ മത്സരം നടക്കുന്ന ആലപ്പുഴയിൽ ഇത്തവണ കുഞ്ഞിത്താമര വിരിയുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാസുരേന്ദ്രൻ. മണ്ഡലത്തിലെ സമ്പർക്ക പരിപാടിയോട് അനുബന്ധിച്ച് പുന്നപ്ര അറവുകാട് ക്ഷേത്രത്തിലെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി. കോൺഗ്രസ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിനെതിരെ ഗുരുതര ആരോപണവും അവർ ഉന്നയിച്ചു. കരിമണൽ കർത്തയ്ക്ക് എല്ലാവിധ സഹായവും നൽകിയത് കേന്ദ്ര മന്ത്രിയായിരുന്നപ്പോൾ കെ.സി ആണെന്നും, രാജസ്ഥാനിൽ നിന്നുള്ള മൈനിംഗ് വകുപ്പ് മന്ത്രി ആയിരുന്ന കിഷോറാം ഓലയുടെ സഹായത്തോടെയാണ് അവസരം ഒരുക്കിയതെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു. മരിച്ച ഓലയുമായി കെ.സിക്ക് വിവിധ രാജ്യങ്ങളിൽ ബിനാമി ഇടപാടുണ്ടെന്നും, ഇപ്പോൾ ഓലയുടെ കുടുംബവുമായി ചേർന്നാണ് കച്ചവടം നടത്തുന്നത് .അതിന്റെ പ്രത്യുപകാരമായാണ് രാജസ്ഥാനിൽ നിന്ന് രാജ്യസഭാസീറ്റ് നൽകിയതെന്നും അവർ പറഞ്ഞു. എ.എം.ആരിഫ് പറയുന്ന റോഡ് വികസനങ്ങൾക്ക് ഫണ്ട് അനുവദിച്ചത് മോദി സർക്കാരാണ്. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട കായംകുളത്തെ ജനങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കാൻ ആരിഫ് തയ്യാറായില്ല. പാവപ്പെട്ടവർക്ക് വീട് നൽകണമെന്ന് സർക്കാരിന് ആഗ്രഹമില്ല. കേരളത്തിൽ പുറം രാജ്യങ്ങളിൽ പോയി പീഡനം അനുഭവിക്കുന്ന ഒരു ന്യൂനപക്ഷവുമില്ല. അതു കൊണ്ട് പൗരത്വ ഭേദഗതി കേരളത്തെ ബാധിക്കില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.