ആലപ്പുഴ: മാലിന്യത്തിൽ നിന്ന് ലഭിച്ച പണം ഉടമസ്ഥന് തിരിച്ച് നൽകി ആലപ്പുഴ നഗരസഭ ഹരിതകർമ്മസേനാംഗം നാടിന് മാതൃകയായി .
ആലപ്പുഴ നഗരസഭയിലെ ഹരിത കർമ്മസേന അംഗങ്ങളിൽ സൗത്ത് ഫസ്റ്റ് സർക്കിൾ പരിധിയിൽ വരുന്ന ഹരിതകർമ്മ സേനയിലെ രാജേശ്വരിക്കാണ് പതിനായിരം രൂപ ലഭിച്ചത്. ഉടൻ നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എ.എസ്.കവിതയെ വിവരമറിയിച്ചു. തുടർന്ന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ കുമാർ ടെൻഷി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ ഹരിതകർമ്മസേനാംഗങ്ങൾ പണത്തിന്റെ ഉടമയായ അൽറാസി ഓട്ടോമൊബൈൽസ് ആൻഡ് സ്‌പെയർപാർട്‌സ് സ്ഥാപനത്തിന്റെ ഉടമയായ റാഷിദിനെ കണ്ടെത്തി തിരികെ ഏല്പിച്ചു. നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ രാജേശ്വരിയെ വീട്ടിലെത്തി ആദരിച്ചു. എ.എസ്.കവിത, എം.ആർ.പ്രേം, കൗൺസിലർ സുമ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ കുമാർ എന്നിവർ പങ്കെടുത്തു.