ആലപ്പുഴ: ചൂട് കടുത്തതോടെ ആലപ്പുഴ നഗരത്തിൽ ഭൂരിപക്ഷം വാർഡുകളിലും ദാഹജലം കിട്ടാതെ ജനം വലയുന്നു. തീരമേഖലയിലും കിഴക്കൻ വാർഡുകളിലും കുടിവെള്ളം കിട്ടിയിട്ട് ഒരുമാസമായി. പള്ളാത്തുരുത്തി, കളർകോട്, കാഞ്ഞിരംചിറ, ആശ്രമം, തത്തംപള്ളി,പുന്നമട, പഴവീട്, പൂന്തോപ്പ്, തുമ്പോളി, ആറാട്ടുവഴി, ആലിശ്ശേരി വാർഡുകളിലാണ് ശുദ്ധജലക്ഷാമം അതിരൂക്ഷം.
ജലഅതോറിട്ടിയുടെ അനാസ്ഥയാണ് പ്രദേശത്ത് കുടിവെള്ളം എത്തിക്കുന്നതിൽ വീഴ്ച വരുത്തുന്നത്. നഗരസഭ മുൻകൈയ്യെടുത്ത് മൂന്ന് വാഹനങ്ങളിൽ വെള്ളം എത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. കുടിവെള്ളം ക്ഷാമം അതിരൂക്ഷമായതിനെത്തുടർന്ന് രണ്ട്മാസം മുമ്പ് ജനപ്രതിനിധികളും ചിലയുവജനസംഘടനകളും വാട്ടർ അതോറിറ്റി എൻജിനീയറുടെ ഓഫീസിൽ പ്രതിഷേധവുമായി എത്തിയിരുന്നു.
ശക്തികുറഞ്ഞ പമ്പിംഗും വിന
1.ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായി തകഴിയിൽ നിന്നുള്ള പമ്പിംഗ് പൂർണ്ണമായി പ്രവർത്തന സജ്ജമാകാത്തതാണ് കുടിവെള്ളക്ഷാമത്തിന് കാരണം
2.ശക്തിയായി പമ്പിംഗ് നടത്തിയാൽ ഗുണനിലവാരമില്ലാത്ത പൈപ്പ് പൊട്ടാമോയെന്ന ആശങ്കയാണ് ഉദ്യോഗസ്ഥർക്കുള്ളത്
3.തകഴിയിൽ പമ്പിംഗ് നിലക്കുമ്പോൾ പഴയ കുഴൽക്കിണറിൽ നിന്നുള്ള പമ്പിംഗ് കാര്യക്ഷമമാക്കുന്നതിൽ ജലഅതോറിട്ടി ഉദ്യോഗസ്ഥർ അലംഭാവം കാട്ടുന്നതായി ആരോപണം
4.കിഴക്കൻ വാർഡുകളിൽ പുതുതായി കുഴൽക്കിണറുകൾ സ്ഥാപിക്കാനായി ജലഅതോറിട്ടി സർക്കാരിന് സമർപ്പിച്ച അഞ്ച് പദ്ധതികൾക്ക് ഫണ്ടില്ലാത്തതും വിനയാകുന്നു
ആശ്വാസമായി തണ്ണീർപ്പന്തൽ
കനത്ത ചൂടിന് ആശ്വാസവുമായി നഗരസഭയുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി തണ്ണീർ പന്തൽ സജ്ജമാക്കി. ഇതിനോടകം 10 കേന്ദ്രങ്ങൾ തുറന്നു. ഒരാഴ്ചക്കുള്ളിൽ 10എണ്ണം കൂടി തുറക്കാനാണ് നഗരസഭ തീരുമാനിച്ചിട്ടുള്ളത്. കുടിവെള്ളം, സംഭാരം തുടങ്ങിയവയാണ് വിതരണം ചെയ്തത്.
'കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന വാർഡുകളിൽ വാഹനങ്ങളിൽ വെള്ളം എത്തിക്കുന്നുണ്ട്. കൗൺസിലർമാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ മുടക്കമില്ലാതെ വാഹനങ്ങളിൽ വെള്ളം എത്തിക്കുന്നുണ്ട്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പൈപ്പ് സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
- കെ.കെ.ജയമ്മ , ചെയർപേഴ്‌സൺ, നഗരസഭ