
ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി നൂറ്റാണ്ടുകൾ പഴക്കമുള്ള വൻമരങ്ങൾ ഉൾപ്പടെ വെട്ടിമാറ്റപ്പെട്ടതോടെ കനത്ത വേനലിൽ തണലില്ലാതെ ഉരുകുകയാണ് യാത്രക്കാർ. ദേശീയപാതയോരത്തെ എൺപത് ശതമാനം ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും പൊളിച്ചുമാറ്റിയതോടെ പൊരിവെയിലത്ത് വേണം യാത്രക്കാർ ബസ് കാത്തുനിൽക്കേണ്ടത്.
അൽപ്പം തണലിന് വേണ്ടി എവിടെയെങ്കിലും മാറിനിന്നാൽ ഓടിയെത്തുമ്പോഴേക്കും ബസ് നഷ്ടമാകും. ചൂട് കനത്തതോടെ പകൽ നേരങ്ങളിൽ ദേശീയപാതയിലൂടെ ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. മരങ്ങൾ വെട്ടിമാറ്റിയതിന്റെ ഓക്സിജൻ അപര്യാപ്തതയും സാരമായി ബാധിക്കും.
മുറിച്ചു മാറ്റിയത് ഒരു ലക്ഷം മരങ്ങൾ
ചൂടും നിർമ്മാണ സമയത്തെ പൊടിയും മൂലം പലരും ശ്വാസകോശ രോഗങ്ങളുടെ പിടിയിലായി തുടങ്ങി
ജില്ലയിൽ അരൂർ മുതൽ ഓട്ടിറ വരെ നീളുന്ന പ്രദേശത്ത് ഒരു ലക്ഷത്തോളം മരങ്ങളാണ് മുറിച്ചുമാറ്റിയത്
ഇവയ്ക്ക് പകരമായി വനം വകുപ്പ് മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുമെങ്കിലുംതീരപ്രദേശത്താണ് പദ്ധതി നടപ്പാക്കുക
വൻമരങ്ങൾ നടുവാൻ നിലവിൽ പ്രധാന പാതയോരത്ത് സ്ഥലമില്ലാത്തതാണ് പ്രതിസന്ധി.
ജൈവവേലി കെട്ടിയാൽ
ദേശീയപാതയോരങ്ങളിൽ തണലും പച്ചപ്പും വീണ്ടെടുക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അവരുടെ പദ്ധതിയുടെ ഭാഗമായി ജൈവ വേലി ഉണ്ടാക്കാനുള്ള പദ്ധതി വിഭാവനം ചെയ്യണമെന്ന ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷകനും ആലപ്പുഴ നഗരസഭാ മുൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനുമായ മനോജ് കുമാർ. കൂടുതൽ ഓക്‌സിജൻ പുറപ്പെടുവിക്കാൻ കഴിയുന്ന കുറച്ചു മാത്രം ഇലകൾ പൊഴിക്കുന്ന മുളയിനങ്ങളോ നല്ല വർണ്ണാഭമായ പൂക്കൾ വളരുന്ന വൃക്ഷങ്ങളോ പിടിപ്പിക്കാം. ഓരോ വീട്ടുമുറ്റത്തെയും ജൈവവേലി വീട്ടുകാർക്ക് പുറമേ നിന്നുള്ള പൊടിപടങ്ങളിൽ നിന്നും കാർബൺ ഘടകങ്ങളിൽ നിന്നും സംരക്ഷണമൊരുക്കും. ഒരു പഞ്ചായത്തിന് ഒരു നിറം വേണമെങ്കിൽ തിരഞ്ഞെടുക്കാം. ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കാനും സാധിക്കും.
മരങ്ങൾ വെട്ടിമാറ്റിയത് മൂലം ഉണ്ടായിട്ടുള്ള ഓക്സിജൻ അപര്യാപ്തതയും നമ്മെ സാരമായി ബാധിച്ചേക്കാം. ഓരോ തദ്ദേശ സ്ഥാപനങ്ങളും മുന്നിട്ടിറങ്ങിയാൽ തനത് ഫണ്ടുപയോഗിച്ച് നഷ്ടമായ തണലും പച്ചപ്പും വീണ്ടെടുക്കാനാകും
- അഡ്വ.മനോജ് കുമാർ, പൊതുപ്രവർത്തകൻ